id
int64
1
1.21M
text
stringlengths
1
44.4k
1,208,301
അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന വന്‍തരംഗങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ്‌ കൊടുങ്കാറ്റ്‌, മഴ മുതലായ ലക്ഷണങ്ങള്‍ ഉണ്ടാകാത്തതുകൊണ്ട്‌ ഇവയെ പ്രവചിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രയാസമാണ്‌. അടുത്തകാലത്തായി കടലില്‍ ഇടവിട്ടു സ്ഥാപിച്ചിരിക്കുന്ന ഇലക്‌ട്രാണിക സംവിധാനങ്ങളുടെ സഹായത്തോടെ ജപ്പാനിലും യു.എസ്സിന്റെ പടിഞ്ഞാറന്‍ കരയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും മണിക്കൂറുകള്‍ക്കു മുമ്പുതന്നെ മുന്നറിയിപ്പു ലഭ്യമാക്കുക സാധ്യമായിട്ടുണ്ട്‌. സാധാരണ വേലിയേറ്റപ്രവര്‍ത്തനം വളരെ ക്രമമായ ഒരു പ്രക്രിയയാണ്‌. പക്ഷേ ചില പ്രത്യേകാവസരങ്ങളില്‍ മറ്റു കാലാവസ്ഥാഘടകങ്ങള്‍കൂടി ചേര്‍ന്നു വേലിയേറ്റം സാധാരണ സീമകള്‍ ലംഘിക്കുമ്പോഴാണ്‌ അപകടകാരിയാകുന്നത്‌. സാധാരണഗതിയില്‍ത്തന്നെ വേലിയേറ്റ പ്രവര്‍ത്തനം ഒരു പ്രത്യേക തീരഭാഗം തുടര്‍ച്ചയായി കരളുന്നതിനു കാരണമാകാം. ഇതു മനുഷ്യനിര്‍മിതമായ ജട്ടികള്‍, തുറമുഖങ്ങള്‍ മുതലായ സംരചനകള്‍ക്ക്‌ കേടു വരുന്നതിനും ഇടയാക്കാറുണ്ട്‌.
1,208,302
കാറ്റിന്റെ ദിശയും കരയോടടുത്ത അടിത്തട്ടിന്റെ ചരിവും രൂപവും തരംഗങ്ങള്‍ കരയ്‌ക്ക്‌ വന്നടിക്കുന്നതിന്റെ കോണത്തിന്‌ വ്യത്യാസം വരുത്തുന്നു. ഈ കോണം, തരംഗങ്ങള്‍ തീരപദാര്‍ഥങ്ങളെ കരയ്‌ക്ക്‌ സമാന്തരമായി ഒഴുക്കി മാറ്റുന്ന ദിശയും തോതും നിയന്ത്രിക്കുന്നു. നദീമുഖങ്ങളോടു ചേര്‍ന്നും ഗള്‍ഫ്‌ സ്‌ട്രീം (Gulf Stream) പോലെയുള്ള സമുദ്രജലപ്രവാഹങ്ങളോടനുബന്ധിച്ചും കടല്‍ത്തീരത്ത്‌ സ്ഥിരമായ ധാരകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഇത്തരം ധാരകള്‍ പുതിയ കരകള്‍ രൂപീകരിക്കുന്നതിനും ചില കരകള്‍ കരളുന്നതിനും കാരണമാകാറുണ്ട്‌.
1,208,303
[[ചിത്രം:Vol6_48_1.jpg|thumb|]]
1,208,304
ശക്തിയായ കാറ്റ്‌ മണല്‍ത്തിട്ടകളുടെ ഉപരിതലം രൂപീകരിക്കുന്നതിനും തരികളെ വര്‍ഗീകരിക്കുന്നതിനും സഹായിക്കുന്നു. തിരകളുടെ പ്രധാന കാരണങ്ങളിലൊന്ന്‌ എന്ന നിലയില്‍ വേലായപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറുണ്ട്‌. കാറ്റ്‌ കടലാക്രമണത്തിന്റെ ഒരു പ്രധാന കാരണമായിത്തീരുകയും ചെയ്യാറുണ്ട്‌.
1,208,305
==തരംഗ പ്രവര്‍ത്തനം==
1,208,306
കരയ്‌ക്കു വന്നടിക്കുന്ന അലകള്‍ ശിലാപിണ്ഡങ്ങളെ കരളുന്നു, പാറക്കഷണങ്ങളെ ഉരുട്ടിയും മറിച്ചും തമ്മിലടിപ്പിക്കുക വഴി പൊടിക്കുന്നു. മണ്‍തരികളെ കരയിലേക്കും കടലിലേക്കും ചലിപ്പിക്കുന്നു. അലകളുടെ കരയുമായുള്ള കോണമനു‌സരിച്ചു കടലോരത്തിനു‌ സമാന്തരമായി മണ്‍തരികളെ അടിച്ചുകയറ്റുന്നത്‌ കരയ്‌ക്ക്‌ രൂപഭേദം വരുത്തുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. കാറ്റിന്റെ ഊര്‍ജം ജലോപരിതലത്തിലേക്ക്‌ പകരുന്നത്‌ തരംഗങ്ങള്‍ ഉണ്ടാകുന്നതിന്‌ പ്രധാന കാരണമാണ്‌. ഈ പ്രക്രിയയെ സംബന്ധിച്ചുള്ള അറിവ്‌ അപൂര്‍ണമാണ്‌. എണ്ണമറ്റ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട്‌ ഇക്കാര്യത്തില്‍ വളരെ വൈവിധ്യവുമുണ്ട്‌. തരംഗങ്ങളുടെ പ്രവര്‍ത്തനം കൊണ്ട്‌ ഒരു നിശ്ചിത തീരഖണ്ഡത്തിനു‌ണ്ടാകുന്ന രൂപഭേദം മനസ്സിലാക്കുന്നതിനും, പ്രവണതകള്‍ പ്രവചിക്കുന്നതിനും, പ്രതിവിധികള്‍ നിര്‍ദേശിക്കുന്നതിനും താഴെ പറയുന്ന ഘടകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ച്ചയായ നിരീക്ഷണം കൊണ്ട്‌ ശേഖരിക്കേണ്ടതാണ്‌: മ. കരയുടെ ചരിവും പ്രവര്‍ത്തനം ബാധിക്കുന്ന സീമകളും; യ. പല കാലാവസ്ഥയിലും പല സമയങ്ങളിലുമുള്ള തരംഗങ്ങുടെ അളവുകള്‍ ഉയരം, തരംഗദൈര്‍ഘ്യം, ആവര്‍ത്തനകാലം, കരയോടടുത്തുവരുമ്പോള്‍ അലകള്‍ തലമറിയുന്ന രേഖയുടെ സീമകള്‍ (Limits of lines of breakers), പല കാലാവസ്ഥയിലും അലകള്‍ അടിക്കുന്ന ദിശകള്‍; ര. കരയിലും, കരയോടടുത്ത്‌ അടിത്തട്ടിലും ഉള്ള മണ്ണിന്റെയും ശിലകളുടെയും ഗുണങ്ങള്‍ പ്രത്യേകിച്ച്‌, തരികളുടെ വലുപ്പവും ഘനത്വവും.
1,208,307
തരംഗഘടകങ്ങള്‍ കാലാവസ്ഥയും കാറ്റും അനു‌സരിച്ചു വ്യത്യാസപ്പെടുന്നതാകയാല്‍ തുടരെ ഒരു വര്‍ഷമെങ്കിലും പല സമയങ്ങളിലും നിരീക്ഷണങ്ങള്‍ നടത്തി സാംഖ്യകീയ വിശകലനം ചെയ്‌തു ശരിയായ നിഗമനങ്ങളില്‍ എത്തേണ്ടതാണ്‌.
1,208,308
തരംഗപ്രവര്‍ത്തനം താത്ത്വികമായി നിര്‍ണയിക്കുന്നതു പ്രായോഗികമല്ല. ഒരു നിശ്ചിതതീരഖണ്ഡത്തില്‍ തുടരെയുള്ള നിരീക്ഷണങ്ങള്‍കൊണ്ടു ശേഖരിച്ച വിവരങ്ങള്‍ താത്ത്വികമായി പരിശോധിച്ച്‌ അവിടെയുണ്ടാകാവുന്ന രൂപഭേദങ്ങള്‍ ഏകദേശം പ്രവചിക്കാവുന്നതാണ്‌. മേല്‌പറഞ്ഞ ഘടകങ്ങള്‍ അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനും പറ്റിയ പല ഉപകരണങ്ങളും ലഭ്യമാണ്‌. തരംഗഘടകങ്ങള്‍ ശാസ്‌ത്രീയമായി വിശ്ലേഷിക്കുന്നതിനു‌ള്ള പരികലനങ്ങള്‍ സുസ്ഥാപിതമാണെങ്കിലും ഉപകരണങ്ങള്‍ കാലാനു‌സൃതമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്‌.
1,208,309
==വേലായ പ്രവര്‍ത്തനം==
1,208,310
തരംഗങ്ങളെ അപേക്ഷിച്ചു വേലിയേറ്റവേലിയിറക്ക പ്രവര്‍ത്തനങ്ങള്‍ ക്രമത്തിലുള്ളതും പ്രവചനവിധേയവുമാണ്‌. സ്ഥിരവും ക്രമവുമായ വേലിയേറ്റവേലിയിറക്കങ്ങള്‍ തരികളാല്‍ രൂപവത്‌കരിക്കപ്പെട്ട കടല്‍ക്കരകള്‍ക്കു കാലക്രമത്തില്‍ വരുത്തുന്ന രൂപഭേദം ചിലപ്പോള്‍ ആ സ്ഥലത്തുള്ള തരംഗപ്രവര്‍ത്തനത്തെക്കാള്‍ കൂടുതലാകാം. സൂര്യചന്ദ്രന്മാരുടെ ആകര്‍ഷണശക്തിയാണു വേലായചക്രത്തിന്‌ (tidal cycle) ആധാരമായിട്ടുള്ളത്‌. കരയുടെ രൂപഭേദങ്ങളും കടലൊഴുക്കുകളും വേലായപ്രവര്‍ത്തനത്തിന്റെ സമയത്തിനും ആയാമത്തിനും (amplitude) വ്യത്യാസം വരുത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ ചാക്രികസ്വഭാവത്തിനും സമയവ്യത്യാസത്തിനും സ്ഥിരതയുണ്ട്‌. ഒരു സ്ഥലത്തു രണ്ടു മൂന്നുവര്‍ഷത്തെ നിരീക്ഷണങ്ങള്‍ കൊണ്ട്‌ ഏറ്റസമയം, ഇറക്കസമയം, ഏകദേശസീമകള്‍ എന്നിവ പ്രവചനവിധേയമാക്കാം. ഇതിനാവശ്യമായ ഗണിതപ്രക്രിയകള്‍ സുപ്രതിഷ്‌ഠിതവുമാണ്‌. പക്ഷേ കൊടുങ്കാറ്റുകള്‍, ഭൂമികുലുക്കം മുതലായ അപ്രതീക്ഷിതകാരണങ്ങള്‍ കൊണ്ട്‌ അതിശക്തമായ ഏറ്റങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതുകൊണ്ടു ജീവധനാദികള്‍ക്കു നാശനഷ്ടങ്ങള്‍ ഉണ്ടാവുക സാധാരണമാണ്‌.
1,208,311
[[ചിത്രം:Vol6p17_Kadalbhithi reka-8.jpg|thumb|ജെട്ടി: കല്‍ക്കെട്ടും ആസ്‌ഫാള്‍ട്ടും]]
1,208,312
പലപ്പോഴും വേലായപ്രവര്‍ത്തനം തീരപദാര്‍ഥങ്ങളെ ഇളക്കി ഒഴുക്കുന്നതിനു‌ ശക്തമല്ല. അലകള്‍കൊണ്ട്‌ ഇളകുന്ന പദാര്‍ഥങ്ങളെ ഒഴുക്കി മാറ്റുന്നതാണ്‌ അതിന്റെ സ്വഭാവം. ഒരു സ്ഥലത്തു തുടര്‍ച്ചയായുള്ള നിരീക്ഷണങ്ങളെ താത്ത്വികമായി വിലയിരുത്തിയാണു വേലായപ്രവര്‍ത്തനത്തിന്റെ കടലാക്രമണശേഷിയെ വിലയിരുത്തേണ്ടത്‌. അതിനു‌ള്ള പ്രതിവിധികള്‍ നിര്‍ണയിക്കുന്നതിലും ഈ തത്ത്വങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും കണക്കിലെടുക്കേണ്ടതാണ്‌.
1,208,313
==കടലോരധാരകള്‍==
1,208,314
കരയോടു ചേര്‍ന്നു കാലികമായോ സ്ഥിരമായോ ഏകദേശം കരയ്‌ക്കു സമാന്തരമായി തുടരെയുള്ള ഒഴുക്കിനാണ്‌ കടലോരധാര എന്നു പറയുന്നത്‌. അലകളുടെ ചരിവ്‌, കാറ്റുകള്‍, നദികളുടെ നിര്‍ഗമനങ്ങള്‍, കരയുടെ രൂപം മുതലായവ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. കടലില്‍ത്തന്നെയുള്ള ഒഴുക്കുകളും ഇതിനു കാരണമാകാം. നിരന്തരമായുള്ള നിരീക്ഷണങ്ങള്‍ കൊണ്ടാണ്‌ ഇതിന്റെ കാലികദിശകളും, ഊര്‍ജവും, കരയുടെ രൂപവത്‌കരണത്തില്‍ ഇതിനുള്ള പങ്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഇതിഌണ്ടാകാവുന്ന വ്യത്യാസങ്ങളും നിര്‍ണയിക്കേണ്ടത്‌.
1,208,315
==പ്രതിരോധപ്രവര്‍ത്തനങ്ങള്‍==
1,208,316
അസാധാരണമായ പ്രകൃതിക്ഷോഭങ്ങള്‍ കൊണ്ടുണ്ടാകുന്ന കടലാക്രമണം ഇന്ന സ്ഥലത്ത്‌ ഇന്ന സമയത്ത്‌ ഉണ്ടാകുമെന്ന്‌ പ്രവചിക്കുക സാധ്യമല്ല. അവകൊണ്ടുണ്ടാകാവുന്ന ജീവഹാനിയും സാമ്പത്തികനഷ്ടവും മുന്‍കൂട്ടി കണക്കാക്കാവുന്നതുമല്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ കിഴക്കേഭാഗം പൊതുവില്‍ തുലാവര്‍ഷക്കാലത്തു കൊടുങ്കാറ്റുകള്‍ ഉണ്ടാകാവുന്ന ഒരു മേഖലയാണെന്നും താഴ്‌ന്ന തീരപ്രദേശങ്ങള്‍ കടലാക്രമണത്തിന്‌ ഇരയാകാനു‌ള്ള സാധ്യതയുണ്ടെന്നും അറിവുള്ളതാണ്‌. ഇതുപോലെ പല വന്‍കരകളിലും കടലാക്രമണ സാധ്യതയുണ്ടെന്നു ചരിത്രം, കാലാവസ്ഥ, ഭൗമപ്രക്രിയ എന്നിവയുടെ അടിസ്ഥാനത്തിലും അറിയാം. ഇത്തരം കരഭാഗങ്ങള്‍ സംരക്ഷിക്കുന്നതിനു‌ള്ള സാങ്കേതികവിജ്ഞാനവും വിഭവശേഷിയും ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ലഭ്യമായ വിഭവ സാമ്പത്തികശേഷി വച്ചുകൊണ്ട്‌ ഇതിനു‌ നല്‌കാവുന്ന പരിഗണന താരതമ്യേന പരിമിതമാണെന്നും കാണാം. ജനപ്പെരുപ്പം, വാണിജ്യപ്രാധാന്യം, മറ്റു സാമ്പത്തികപരിഗണന എന്നിവകൊണ്ടു പ്രധാനപ്പെട്ട സംരചനകളെയും ഭൂഭാഗങ്ങളെയും സംരക്ഷിക്കുക എന്നതു മാത്രമാണ്‌ ഇക്കാലത്തു സാധ്യമാകുന്നത്‌. കാലാവസ്ഥയും പ്രകൃതിക്ഷോഭവും പ്രവചിക്കുന്നതിനു‌ള്ള സാങ്കേതികശേഷി മുറയ്‌ക്ക്‌ പുരോഗമിക്കുന്നുണ്ട്‌. ഇത്തരം പ്രവചനങ്ങള്‍ കഴിയുന്നത്ര കൂടുതല്‍ പ്രദേശങ്ങളില്‍ ഉടനു‌ടന്‍ അറിയിക്കുന്നതിനു‌ള്ള വാര്‍ത്താവിനിമയശൃംഖലയും ഉയര്‍ന്ന തോതില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു‌ള്ള സംവിധാനവും ഉണ്ടാക്കുകയാണ്‌ വേണ്ടത്‌. ഇന്‍ഷുറന്‍സ്‌പദ്ധതികള്‍ വ്യക്തികളുടെ നഷ്ടങ്ങള്‍ കുറെയെല്ലാം പരിഹരിക്കുന്നതിനു‌പകരിക്കും.
1,208,317
[[ചിത്രം:Vol6p17_Kadal Bhithi-Karimkal.jpg|thumb|കരിങ്കല്‍ കടല്‍ ഭിത്തി]]
1,208,318
ഒരു നിശ്ചിതസീമയിലുള്ള കരയും അതിനോടുചേര്‍ന്ന സംരചനകളും സംരക്ഷിക്കുന്നതിന്‌ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്‌ ഒരു മുന്നുപാധിയാണു കരയുടെയും അതിനോടുചേര്‍ന്ന കടല്‍ഭാഗത്തിന്റെയും എന്‍ജിനീയറിങ്‌ സര്‍വേക്ഷണം നിര്‍വഹിക്കുക എന്നത്‌. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ക്കു പ്രാധാന്യമുള്ളതുകൊണ്ട്‌ ഒരാണ്ടില്‍ കാലാവസ്ഥയ്‌ക്കനു‌സരിച്ചു പല തവണ സര്‍വേക്ഷണം നടത്തണം. ഇത്തരം സര്‍വേക്ഷണം തുടരെ രണ്ടുമൂന്നു കൊല്ലം നടത്തുകയാണെങ്കില്‍ കടലാക്രമണത്തിന്റെ പ്രതിമാനം നിശ്ചയിക്കാന്‍ കഴിയുന്നതാണ്‌. ഒരു പ്രധാന ജനപദത്തോടുചേര്‍ന്ന കരയാണെങ്കില്‍ ഒരു നീണ്ട ഭൂതകാലത്തെ കരയുടെ രൂപമാറ്റങ്ങള്‍ പല ചരിത്രരേഖകളും ഭൂസ്വത്തുരേഖകളും വഴി മനസ്സിലാക്കാം. വര്‍ത്തമാനകാലത്തെ നിരീക്ഷണങ്ങള്‍ കൊണ്ടുണ്ടായ നിഗമനങ്ങളുടെ യാഥാര്‍ഥ്യം ഇവ സ്ഥിരീകരിക്കും.
1,208,319
[[ചിത്രം:Vol6p17_Kadal Bhithi-Tedrapadu-.jpg|thumb|ടെട്രാപോഡുകള്‍ നിരത്തിയിട്ടു കടല്‍ ഭിത്തി സംരക്ഷിക്കുന്നു]]
1,208,320
സാധാരണ സര്‍വേക്ഷണരീതികള്‍ക്കും ഉപകരണങ്ങള്‍ക്കും പുറമേ വിമാനവും മറ്റും ഉപയോഗപ്പെടുത്തി തുടരെ എടുക്കുന്ന ഏരിയല്‍ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള സര്‍വേക്ഷണവും വളരെ പ്രയോജനകരമാണ്‌. പല ഘടകങ്ങളെയും അവയുടെ ആകത്തുകയെയും ഒന്നിച്ചു കാണുന്നതിന്‌ ഇത്തരം സര്‍വേക്ഷണങ്ങള്‍ കൊണ്ടു സാധിക്കും. രണ്ടാം ലോകയുദ്ധകാലത്ത്‌ അഭിഗമ്യമല്ലാത്ത കടല്‍ക്കരകള്‍ ഈ രീതി ഉപയോഗിച്ചു സര്‍വേക്ഷിക്കുന്നതിനു‌ള്ള പ്രവിധികള്‍ വളരെ പുരോഗമിക്കുകയുണ്ടായി. ജലരേഖാനിര്‍ണയം (water line method) ജലസുതാര്യതാനിര്‍ണയം (water transparency method), തരംഗപരമ്പരകളുടെ വേഗവും ദൈര്‍ഘ്യവുംനിര്‍ണയിക്കല്‍ മുതലായവ ഇത്തരം സര്‍വേക്ഷണത്തിന്റെ ഭാഗങ്ങളാണ്‌.
1,208,321
[[ചിത്രം:Vol6p17_Kadal Bhithi-Tedrapadu.jpg|thumb|ടെട്രാപോഡ്‌]]
1,208,322
കടലോരധാരകളും രൂപഭേദപ്രവണതകളും നേരിട്ടു നിര്‍ണയിക്കുന്നതിന്‌ ഒരു മാര്‍ഗം ഹ്രസ്വകാല റേഡിയോ പ്രസരണം ഉള്ള പദാര്‍ഥങ്ങള്‍ അടക്കം ചെയ്‌ത പ്ലാസ്റ്റിക്‌ ഗുളികകളുപയോഗപ്പെടുത്തിയിട്ടുള്ളതാണ്‌. തീരപദാര്‍ഥങ്ങളോടു വലുപ്പത്തിലും ഘനത്വത്തിലും സാമ്യം വഹിക്കുന്ന ഇത്തരം ഗുളികകള്‍ ഒരു സ്ഥലത്ത്‌ കടലില്‍ നിക്ഷേപിച്ചാല്‍ അവയുടെ ചലനത്തിന്റെ ദിശയും തോതും ഗൈഗര്‍ കൗണ്ടര്‍ (Geiger counter) കൊണ്ട്‌ പിന്തുടരാവുന്നതാണ്‌. പ്ലവങ്ങള്‍കൊണ്ടും തീരധാരകളുടെ ദിശയും വേഗവും നിര്‍ണയിക്കാം.
1,208,323
[[ചിത്രം:Vol6p17_Kadal Bhithi-Concreat.jpg|thumb|തിരകളെ തടയാന്‍ 10 ടണ്ണിലധികം ഭാരം വരുന്ന കോണ്‍ക്രീറ്റ്‌ ബ്ലോക്കുകള്‍ നിരത്തിയിരിക്കുന്നു]]
1,208,324
ഒരു നിശ്ചിത സ്ഥലത്തോ പ്രത്യേക സംരചനകളോടനു‌ബന്ധിച്ചോ തരംഗങ്ങളുടെയും വേലായപ്രവര്‍ത്തനങ്ങളുടെയും ഫലങ്ങള്‍ നിര്‍ണയിക്കുന്നതിന്‌ ഒരു പ്രധാന മാര്‍ഗം മാതൃകാപരീക്ഷണങ്ങളാണ്‌. വിവിധതലത്തിലും നിലവാരങ്ങളിലും ഇതിനു‌ള്ള പ്രവിധികള്‍ ഇന്നു ഹൈഡ്രാളിക്‌ എന്‍ജിനീയറിങ്ങില്‍ സുസ്ഥാപിതമായിട്ടുണ്ട്‌. നിരീക്ഷണങ്ങളും പരീക്ഷണഫലങ്ങളും തട്ടിച്ചുനോക്കി ന്യായയുക്തമായ നിഗമനങ്ങളില്‍ എത്തി സംരക്ഷണസംരചനകള്‍ ഡിസൈന്‍ ചെയ്‌ത്‌ അത്‌ മാതൃകകളില്‍ പുനഃപരിശോധന നടത്തിയാണ്‌ വലിയ സംരചനകള്‍ നിര്‍മിക്കുന്നത്‌. വൈവിധ്യംകൊണ്ട്‌ അളവു നിര്‍ണയിക്കാന്‍ പ്രയാസമുള്ള ഘടകങ്ങളുടെ ബാഹുല്യം ഉള്‍പ്പെടുന്ന ഇത്തരം സാങ്കേതികപഠനങ്ങളില്‍ മാതൃകാപരീക്ഷണങ്ങള്‍, ഘടകങ്ങള്‍ വിലയിരുത്തുന്നതിനും പ്രവിധികള്‍ നിശ്ചയിക്കുന്നതിനും സഹായിക്കുന്നു.
1,208,325
[[ചിത്രം:Vol6_52_1.jpg|thumb|കേരളത്തിലെ കടല്‍ ഭിത്തിയുടെ ഛേദക്കാഴ്‌ച]]
1,208,326
ഒരു നിശ്ചിത കടലോരഖണ്ഡം സംരക്ഷിക്കുന്നതിനു‌ള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു രണ്ടുതരം സമീപനം ആകാം. കടലാക്രമണത്തെ നേരിട്ടു ചെറുക്കുന്നതിനു‌ ശേഷിയുള്ള സംരചനകള്‍ നിര്‍മിക്കുക, കടലാക്രമണഘടകങ്ങളെ നിയന്ത്രിച്ച്‌ അവയുടെ ആക്രമണ പ്രവണത കുറയ്‌ക്കുകയോ തിരിച്ചു വിടുകയോ അവയെ സംരക്ഷണസഹായകങ്ങളാക്കി മാറ്റുകയോ ചെയ്യുക. പല പ്രതിരോധസംരചനകളും ഈ രണ്ടു സമീപനങ്ങളും ഉള്‍ക്കൊള്ളുന്നു.
1,208,327
കരയുടെ ഒരു ഖണ്ഡം സംരക്ഷിക്കുന്നതിനു‌ പണിയുന്ന കടല്‍ഭിത്തികള്‍ പ്രധാനമായും ആദ്യത്തെ സമീപനം സ്വീകരിക്കുന്നു. ബള്‍ക്ക്‌ഹെഡ്‌ (bulk-head), റിവറ്റ്‌മെന്റ്‌ (revetment) എന്നീ പേരുകള്‍ അവയുടെ സ്ഥാനവും ഉപയോഗവും അനു‌സരിച്ച്‌, കടല്‍ഭിത്തികള്‍ക്കുണ്ട്‌. കടല്‍ഭിത്തികള്‍ കരയ്‌ക്കും വെള്ളത്തിനും ഉള്ള അതിര്‍ത്തി സ്ഥാപിക്കുന്നതിനു‌പകരിക്കുകയും കര ഇടിഞ്ഞും കരണ്ടും പോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കടല്‍ഭിത്തികള്‍ തൂക്കായതും ചരിഞ്ഞവയും പടിപ്പടിയായുള്ളവയും ആയ കരകളെ സംരക്ഷിക്കുന്നതിനു‌തകുന്നു. ചിലപ്പോള്‍ കുറച്ച്‌ കടലിലേക്കു തള്ളി കരയ്‌ക്കു വീതികൂട്ടി പണിയേണ്ടതായി വരും. പ്രത്യേകിച്ചും ഭിത്തിക്കടുത്ത്‌ നൗകകള്‍ വന്നടുക്കുന്നതിന്‌ ആവശ്യമായ ആഴം നിലനിര്‍ത്തേണ്ടതുണ്ടെങ്കില്‍. കടല്‍ഭിത്തികള്‍ അവയോടു ചേര്‍ന്നു പിന്നിലുള്ള കരയെ മാത്രമേ സംരക്ഷിക്കുന്നതിനു‌തകൂ. ക്രമേണ കാര്‍ന്നെടുക്കപ്പെടുന്ന കരകള്‍ ഭിത്തികള്‍കൊണ്ടു സംരക്ഷിക്കപ്പെടുമെങ്കിലും അവയുടെ കീഴ്‌ച്ചാല്‍ ഭാഗത്തുള്ള കര കരണ്ടു പോകുന്നതിനു‌ള്ള പ്രവണത വര്‍ധിക്കുന്നു. അതുകൊണ്ടു ഭിത്തികളുടെ സ്ഥാനവും സംരേഖണവും (alignment) പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. അടിത്തറ കരണ്ടു പോകാതിരിക്കത്തക്ക താഴ്‌ചയില്‍ ഉറപ്പിക്കേണ്ടതുമാണ്‌. ഭിത്തികളുടെ മുകളില്‍ക്കൂടി പ്രതീക്ഷിക്കാവുന്ന ഏറ്റവും കൂടിയ ഉയരത്തിലുള്ള അലകള്‍ മറിയുന്നതിന്‌ അനു‌വദിച്ചുകൂടാത്തതാണ്‌. എപ്പോഴെങ്കിലും ഇത്‌ അനു‌വദനീയമാണോ എന്നുള്ളതു തന്നെ കരയുടെ സ്വഭാവവും വെള്ളം വാര്‍ന്നൊഴിയുന്നതിനു‌ള്ള സൗകര്യങ്ങളും അനു‌സരിച്ചു നിശ്ചയിക്കേണ്ടതാണ്‌. ഭിത്തിയുടെ ഉയരം നിര്‍ണയിക്കുന്നതില്‍ ഇതൊരു പ്രധാനഘടകമാണ്‌.
1,208,328
കല്‍ക്കെട്ട്‌, കോണ്‍ക്രീറ്റ്‌, ഉരുക്കുപൈലുകള്‍ (steel piles),തടിപൈലുകള്‍ (timber piles), ചെട്ടക്കൂടും കല്ലും (cribs & stone), കല്‍ക്കൂട്ടങ്ങള്‍ (stone mounds) മുതലായവ കൊണ്ടു കടല്‍ഭിത്തികള്‍ നിര്‍മിക്കാറുണ്ട്‌. ടെട്രാപോഡുകള്‍ (tetrapods) മുതലായ പ്രത്യേക രൂപങ്ങളുള്ള കോണ്‍ക്രീറ്റു നിര്‍മിതികള്‍, വലിയ കല്ലുകള്‍ ലഭ്യമല്ലാത്തപ്പോഴും അവ കൂടുതല്‍ ഫലപ്രദമാണെന്നു കാണുന്നിടത്തും ഭിത്തികളുടെ കടല്‍വശത്ത്‌ നിക്ഷേപിക്കാറുണ്ട്‌. ഇവ തിരയടിയുടെ ശക്തി കുറയ്‌ക്കും. ഭിത്തിയുടെ മുകള്‍ഭാഗം പരന്ന തലമാക്കുന്നതിനും ഗതാഗതയോഗ്യമാക്കുന്നതിനും കോണ്‍ക്രീറ്റ്‌, ആസ്‌ഫാള്‍ട്ട്‌ കോണ്‍ക്രീറ്റ്‌ മുതലായ പദാര്‍ഥങ്ങള്‍കൊണ്ട്‌ ഛത്രകങ്ങള്‍ (caps) നിര്‍മിക്കാറുണ്ട്‌. ശ്രദ്ധിക്കേണ്ട പ്രധാന ഡിസൈന്‍ ഘടകങ്ങള്‍ സുസ്ഥിരത (stability), വേലായപ്രവര്‍ത്തനപ്രതിരോധശേഷി, കെട്ടുറപ്പ്‌ (bonding), അടിത്തറയുടെ ആഴം, വെള്ളം വാര്‍ന്നു പോകുന്നതിനു‌ള്ള മാര്‍ഗങ്ങള്‍ മുതലായവയാണ്‌.
1,208,329
സംരക്ഷിതകടല്‍ത്തീരങ്ങള്‍ രണ്ടാമത്തെ സമീപനത്തില്‍ പ്പെടുന്നു. വീതിയില്‍ ക്രമമായി ചരിഞ്ഞ ബീച്ചുകളോ കരയ്‌ക്കു സമാന്തരമായ മണല്‍ത്തിട്ടകളോ തരംഗശക്തി നിയന്ത്രിച്ച്‌ അവയ്‌ക്കു പുറകിലുള്ള കരയെ സംരക്ഷിക്കുന്നു. അസാധാരണമായി പെട്ടെന്ന്‌ കാര്‍ന്നുപോയ കടല്‍ത്തീരങ്ങള്‍ക്കും ക്രമേണ കരണ്ടുപോകുന്ന മണല്‍ത്തിട്ടകള്‍ക്കും പുതിയ മണ്ണു കൊണ്ടിട്ട്‌ സംരക്ഷണം നല്‌കുകയാണ്‌ ഈ പ്രക്രിയയുടെ സ്വഭാവം. ഇതിനു‌പയുക്തമായ മണ്ണ്‌തരിമണല്‍, ധാരാളമായി അടുത്തു ലഭ്യമായിരിക്കണം. അധികച്ചെലവില്ലാതെ കൊണ്ടുവന്നു നിരത്തിയിടുന്നതിനു‌ള്ള വഴിയും യന്ത്രാപകരണങ്ങളും ലഭ്യമായിരിക്കണം. തരംഗങ്ങളും തീരധാരകളും ശരിക്കു മനസ്സിലാക്കി ഉചിതമായ സ്ഥാനങ്ങളില്‍ പുതിയ മണ്ണ്‌ ഇടുന്നതുകൊണ്ടു കരയുടെ രൂപം തുടര്‍ന്നു സംരക്ഷിക്കപ്പെടുന്നു. കടല്‍ത്തീരത്തിന്റെ രൂപീകരണം കുറെയെല്ലാം കടല്‍തന്നെ ഏറ്റെടുക്കുന്നു. ഇതോടു ചേര്‍ന്നു കരയുടെ ഭാഗങ്ങള്‍ക്കോ മേല്‍ച്ചാലിലോ കീഴ്‌ച്ചാലിലോ കടലാക്രമണ വര്‍ധനവുണ്ടാകുന്നില്ല എന്നുള്ളതാണ്‌ ഇതിന്റെ ഒരു പ്രധാന ഗുണം. ഇത്‌ തീരപോഷണം (artificial beach nourishment)എന്നും അറിയപ്പെടുന്നു. തീരപോഷണത്തിലെ പ്രധാന ഡിസൈന്‍ ഘടകങ്ങള്‍: (i) കരയോടുചേര്‍ന്ന തീരധാരയുടെ പ്രവര്‍ത്തനംകൊണ്ടു കരണ്ടു പോകുന്ന പദാര്‍ഥങ്ങളുടെ ഗുണവും പരിണാമവും തോതും; (ii) കടല്‍ത്തീരത്തിനു‌ യോജിച്ച മണ്ണിന്റെ ഗുണവും ലഭ്യതയും സ്ഥാനവും കൊണ്ടുവരുന്നതിനു‌ള്ള മാര്‍ഗങ്ങളും ചെലവും; (iii) ഒരുമിച്ചോ തുടരെയോ ആവശ്യം വരുന്ന മണ്ണിന്റെ പരിണാമവും തോതും; (iv) ഉദ്ദേശിക്കുന്ന ബീച്ചിന്റെ നീളം, വീതി, ചരിവ്‌, പൊക്കം, പൊതുരൂപം മുതലായ മാനങ്ങള്‍ (dimensions); (v) ജലതലപ്രവര്‍ത്തനശൈലി;
1,208,330
(vi) കാറ്റിന്റെ ദിശ, ശക്തി, കാലങ്ങള്‍ എന്നിവയാണ്‌.
1,208,331
സമുദ്രതലത്തിന്റെ പ്രകൃതിപ്രക്രിയകള്‍ കൊണ്ടു തന്നെ പുതിയ തിട്ടകള്‍ ഉത്‌പാദിപ്പിക്കത്തക്കവണ്ണം പുലിമുട്ടുകള്‍ (groins) ജെട്ടികള്‍ (jetties), തരംഗരോധികള്‍ (break waters) മുതലായ സംരചനകള്‍ നിര്‍മിക്കപ്പെടുന്നതും സാധാരണമാണ്‌. പുലിമുട്ടുകള്‍ കരയ്‌ക്കു ലംബമായി നിര്‍മിക്കപ്പെടുന്ന തിട്ടകളാണ്‌. കരയ്‌ക്കു സമാന്തരമായ തീരധാരയ്‌ക്ക്‌ തടസ്സമുണ്ടാക്കി തീരപദാര്‍ഥങ്ങളെ ഭാഗികമായിട്ടെങ്കിലും നിശ്ചിതസ്ഥാനത്തു നിക്ഷേപിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. മേല്‍ച്ചാലിനോട്‌ അടുത്ത ഭാഗത്തു കരളല്‍ ഉണ്ടാകുകയില്ല; കീഴ്‌ച്ചാലില്‍ ഉണ്ടാകുകയും ചെയ്യും. പുലിമുട്ടിന്റെ ക്ഷമത അതിന്റെ സ്ഥാനം, നീളം, പൊക്കം, പാരഗമ്യത (permeability) എന്നിവയെ ആശ്രയിച്ചിരിക്കും. കരയുടെ ഒരു ഖണ്ഡത്തിന്‌ ഒന്നോ അതിലധികമോ പുലിമുട്ടുകള്‍ സ്ഥാപിക്കാവുന്നതാണ്‌. എല്ലാറ്റിന്റെയും പ്രവര്‍ത്തനരീതി ഒന്നുതന്നെയാണെങ്കിലും ഓരോന്നിന്റെ ക്ഷമതയും പ്രത്യേകം നിശ്ചയിച്ച്‌ എത്ര എണ്ണം സ്ഥാപിക്കുന്നതാണ്‌ ഉചിതവും ലാഭകരവും എന്നു നിര്‍ണയിക്കേണ്ടതാണ്‌. പുലിമുട്ടുകള്‍ സ്ഥാപിക്കുന്ന രീതി വളരെ പ്രധാനമാണ്‌. കടല്‍ത്തീരത്തിന്റെ രൂപം സംരക്ഷിക്കുന്നതിനോ പിന്നിലുള്ള കര രക്ഷിക്കുന്നതിനോ കടല്‍ത്തീരത്തിനു‌ ക്രമേണ വീതി കൂട്ടുന്നതിനോ പദാര്‍ഥ നഷ്ടം വരാതിരിക്കുന്നതിനോ കടല്‍ത്തീരത്തിനു‌ പുതിയ രൂപം നല്‌കുന്നതിനോ പുലിമുട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്‌. പുലിമുട്ടുകള്‍ ഉപയോഗിക്കുന്നതിലുള്ള പ്രധാന പരിഗണനകള്‍ തീരധാര കൊണ്ടുവരുന്ന പദാര്‍ഥങ്ങളുടെ ഗുണങ്ങളും പര്യാപ്‌തതയും കീഴ്‌ച്ചാലില്‍ ഉണ്ടാകുന്ന കരളല്‍, കരയുമായിട്ടു ബന്ധിപ്പിക്കല്‍, പാരഗമ്യത, നിര്‍മാണപദാര്‍ഥങ്ങളുടെ വിലയും നിര്‍മാണച്ചെലവും എന്നിവയാണ്‌. ഡിസൈനിലെ എന്‍ജിനീയറിങ്‌ ഘടകങ്ങള്‍ കടല്‍ഭിത്തികള്‍ പോലെ തന്നെയാണ്‌. എന്നാല്‍ പാരഗമ്യതയാണ്‌ കൂടുതല്‍ പരിഗണനയര്‍ഹിക്കുന്നത്‌.
1,208,332
ഉരുക്കുപൈലുകള്‍കൊണ്ട്‌ രൂപപ്പെടുത്തിയ കോശങ്ങള്‍ (cells) പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനു‌പയോഗിക്കാം. ഉരുക്കുപൈലുകള്‍, തടിപ്പലകകള്‍, കോണ്‍ക്രീറ്റ്‌ മുതലായ പദാര്‍ഥങ്ങള്‍കൊണ്ട്‌ നിര്‍മിച്ച കിണറുകള്‍ കടലിന്റെ മണല്‍ അടിത്തട്ടില്‍ ഇറക്കി ഉറപ്പിക്കുന്നതിനു‌ സൗകര്യമുള്ളവയാണ്‌. കല്ലടുക്കുകൊണ്ടുള്ള പുലിമുട്ടുകള്‍ (dumped stone groins) സ്ഥിരത കൈവരാത്ത അടിത്തട്ടുകള്‍ക്ക്‌ അനു‌യോജ്യമാണ്‌. രൂപഭേദത്തിനൊത്ത്‌ കല്ലടുക്കിന്‌ ഇരുത്തം വന്നുകൊണ്ടിരിക്കും.
1,208,333
ജെട്ടികള്‍, പുലിമുട്ടുകള്‍ പോലെ തന്നെ കരയ്‌ക്ക്‌ ഏകദേശം ലംബമായി നിര്‍മിക്കുന്ന സംരചനകളാണ്‌. ഒഴുക്കിന്റെ ദിശയും തോതും സീമകളും നിശ്ചയിച്ചശേഷം കരയോ സംരചനകളോ സംരക്ഷിക്കുന്നതിനാണ്‌ ഇവ നിര്‍മിക്കുന്നത്‌. പലപ്പോഴും തുറമുഖങ്ങളുടെ പ്രവേശനമാര്‍ഗത്തോടനു‌ബന്ധിച്ച്‌ ഇവ നിര്‍മിക്കാറുണ്ട്‌. അതുകൊണ്ട്‌ ഒരുറച്ച മേല്‍ഭാഗവും അതിനു‌മേല്‍ ഒരു പാതയും ചിലപ്പോള്‍ ഇവയുടെ ഭാഗമാണ്‌. ഒരു വശത്തെങ്കിലും നൗകകള്‍ വന്നടുക്കത്തക്കവണ്ണം ആഴമുണ്ടാകണം.
1,208,334
ജെട്ടികളുടെ ഡിസൈന്‍ തത്ത്വങ്ങളും നിര്‍മാണപദാര്‍ഥങ്ങളും രൂപങ്ങളും പൊതുവില്‍ പുലിമുട്ടുപോലെ തന്നെയാണ്‌. അവയോടുചേര്‍ന്ന്‌ മറ്റു സംരചനകള്‍ ഉള്ളതുകൊണ്ടു സ്ഥാനം, നീളം, ചരിവ്‌, കരബന്ധങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധയോടെ നിശ്ചയിക്കേണ്ടതാണ്‌.
1,208,335
സിമന്റിനു‌പകരം ആസ്‌ഫാള്‍ട്ടും കല്‍ക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കോണ്‍ക്രീറ്റും കല്ലുകള്‍ ബന്ധിക്കുന്നതിന്‌ ആസ്‌ഫാള്‍ട്ട്‌ ബന്ധകപദാര്‍ഥങ്ങളും (bonding materials) ഉപയോഗിക്കാറുണ്ട്‌. കടലിന്റെ രാസാപക്ഷയത്തിനും കരളലിനും എതിരായി ആസ്‌ഫാള്‍ട്ടിന്‌ നല്ല പ്രതിരോധശക്തിയുണ്ട്‌.
1,208,336
തരംഗരോധികള്‍, ജട്ടികള്‍ പോലെ തന്നെയുള്ള സംരചനകളാണ്‌. അവ കരയ്‌ക്കു ലംബമായിരിക്കണമെന്നില്ല. കരവിട്ടു സ്ഥാപിക്കുന്ന തരംഗരോധികള്‍ പദാര്‍ഥനിക്ഷേപം കൊണ്ടു ബീച്ചിനു‌ വീതി കൂട്ടുന്നതിനും ബീച്ചിലെ തരംഗപ്രവര്‍ത്തനം കുറയ്‌ക്കുന്നതിനും നൗകാമാര്‍ഗങ്ങളില്‍ ആഴം സംരക്ഷിക്കുന്നതിനും ഒഴുക്കും തരംഗങ്ങളും നിയന്ത്രിക്കുന്നതിനും സഹായകമാണ്‌. കടലോരധാര നിയന്ത്രിക്കത്തക്കവണ്ണമാണ്‌ ഇത്‌ സ്ഥാപിക്കേണ്ടത്‌. കടല്‍ഭിത്തികള്‍ സംരക്ഷിക്കാനും ഇവ സ്ഥാപിക്കാറുണ്ട്‌.
1,208,337
തരംഗരോധികളുടെ സ്ഥാനവും നീളവും ഉയരവും ശ്രദ്ധയോടെ നിശ്ചയിക്കേണ്ടതാണ്‌. ജലതലത്തിനു‌ മുകളില്‍ പൊങ്ങിനില്‌ക്കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കിലും മുകളില്‍ക്കൂടി അലകള്‍ സാധാരണമായി അടിച്ചു കയറാതിരിക്കത്തക്ക ഉയരം സൗകര്യപ്രദമാണ്‌. കരവിട്ട തരംഗരോധികള്‍ തുടര്‍ച്ചയായി ഒറ്റ നീളത്തില്‍ പണിയുന്ന ഫലം തന്നെ പലപ്പോഴും ഇടവിട്ടു പണിയുന്നതുകൊണ്ട്‌ ലഭിക്കും. നിര്‍മാണലാഭം പ്രകടവുമാണ്‌. തരംഗരോധികള്‍ കരയോടുചേര്‍ന്നു നിര്‍മിക്കുന്നതു തുറമുഖപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനാണ്‌. നല്ല കാലാവസ്ഥയില്‍ നൗക അവയോടുചേര്‍ന്ന്‌ അടുക്കത്തക്കവണ്ണം ഉപരിതലത്ത്‌ കോണ്‍ക്രീറ്റുപാത നിര്‍മിക്കുന്നത്‌ തുറമുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ പര്യാപ്‌തമാണ്‌.
1,208,338
ജ്യാമിതീയരൂപങ്ങള്‍ നിര്‍ബന്ധമില്ലാത്തതുകൊണ്ടും കുറെയെല്ലാം ചലനങ്ങള്‍ പ്രതീക്ഷിക്കേണ്ടതുകൊണ്ടും തരംഗരോധികള്‍ മിക്കതും വലിയ കല്‍ക്കട്ടകള്‍ നിക്ഷേപിച്ച്‌ ഉണ്ടാക്കിയ തിട്ടകളാണ്‌. ടെട്രാപോഡ്‌ മുതലായ കോണ്‍ക്രീറ്റുരൂപങ്ങളും ഉപയോഗിക്കാറുണ്ട്‌. തരംഗരോധികളെ രാത്രിയിലും പകലും തിരിച്ചറിയത്തക്കവണ്ണം ഉചിതമായ സ്ഥാനങ്ങളില്‍ വിളക്കുമരങ്ങളും ബോയികളും (buoys) സ്ഥാപിക്കേണ്ടതാണ്‌. കരയ്‌ക്കടുത്തുള്ള ജലഗതാഗതവും മത്സ്യബന്ധനപ്രവര്‍ത്തനങ്ങളും മുറയ്‌ക്കു വര്‍ധിക്കുന്നതുകൊണ്ട്‌ രക്ഷാസിഗ്‌നലുകള്‍ കൂടുതല്‍ സ്ഥാപിക്കേണ്ടത്‌ ആവശ്യമാണ്‌.
1,208,339
കടല്‍ത്തീരങ്ങളും തിട്ടകളും സംരക്ഷിക്കുന്നതിന്‌ കുറ്റിവേലികളും മരങ്ങളും പുല്ലുകളും പല സസ്യവര്‍ഗങ്ങളും ഉപയോഗിക്കാം. നട്ടുവളര്‍ത്തിയെടുക്കുന്നത്‌ ആദ്യം വിഷമകരമാണെങ്കിലും കാലം ചെല്ലുന്തോറും മണ്ണു കൂടുതല്‍ ഉറപ്പിക്കുന്നതിനും പുതിയ ചെടികള്‍ നട്ടു വളര്‍ത്തുന്നതിനും സൗകര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
1,208,340
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ആവശ്യവും രീതികളും സംരചനകളും സംരക്ഷണ നിലവാരവും സാമ്പത്തിക മാനദണ്ഡങ്ങള്‍ വച്ചാണ്‌ പരിശോധിക്കേണ്ടത്‌. ഇതിനു‌ള്ള ഒരു മാനദണ്ഡം ഒരു മീറ്റര്‍ കര സംരക്ഷിക്കുന്നതിനു‌വേണ്ടിവരുന്ന മുതല്‍മുടക്കിന്റെ ഭാഗവും പലിശയും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെയുള്ള ശരാശരി വാര്‍ഷിക മൂല്യം ആണ്‌. അതേ അടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടുന്ന വസ്‌തുക്കളുടെ വാര്‍ഷികമൂല്യവും തിട്ടപ്പെടുത്തി ഒരു താരതമ്യപഠനം നടത്താവുന്നതാണ്‌.
1,208,341
കടലാക്രമണം ജീവധനാദികള്‍ക്കു വരുത്തുന്ന നാശനഷ്ടങ്ങള്‍ കുറയ്‌ക്കാനു‌ള്ള ഒരു പ്രധാന മാര്‍ഗം കടലോരത്തു കറുച്ചു സ്ഥലം ഒഴിച്ചിടുകയാണ്‌. പക്ഷേ പലപ്പോഴും പ്രദേശത്തുള്ളവര്‍ക്ക്‌ ഇതു സ്വീകാര്യമല്ല; പ്രത്യേകിച്ചും ജനസാന്ദ്രത കൂടുതലുള്ളപ്പോള്‍. കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മിക്ക അവസരങ്ങളിലും സാമൂഹ്യ രാഷ്‌ട്രീയ സമ്മര്‍ദങ്ങളും സ്ഥാപിത താത്‌പര്യക്കാരുടെ പ്രലോഭനങ്ങളും നേരിടേണ്ടി വരാറുണ്ട്‌. സാമ്പത്തിക സാങ്കേതിക ഘടകങ്ങള്‍ക്കു മുന്‍തൂക്കം നല്‌കിയുള്ള പ്രതിവിധികള്‍ എപ്പോഴും സ്വീകാര്യമാകണമെന്നുമില്ല.
1,208,342
==കേരളത്തില്‍==
1,208,343
കേരളത്തിന്‌ 560 കി.മീ. ദൈര്‍ഘ്യമുള്ള കടല്‍ത്തീരം ഉണ്ട്‌. ഏകദേശം 320 കി.മീ. ദൂരം പലസ്ഥലത്തായി കടലാക്രമണവിധേയമാണെന്നു കരുതപ്പെടുന്നു. കേരളത്തിന്റെ കടല്‍ക്കര പ്രധാനമായും ലാറ്ററൈറ്റ്‌ നിറഞ്ഞതാണ്‌. വന്‍കരയ്‌ക്കും തീരത്തിനും ഇടയ്‌ക്കു കായലുകളും താഴ്‌ന്ന സ്ഥലങ്ങളും പലയിടത്തും ഉണ്ട്‌. നീണ്ടകര മുതല്‍ കായംകുളം വരെ വിലയേറിയ ഖനിജധാതുക്കള്‍ നിറഞ്ഞ മണല്‍ പ്രദേശങ്ങളാണുള്ളത്‌. ആലപ്പുഴ, കൊച്ചി, കോഴിക്കോട്‌ തീരങ്ങളില്‍ കാലികമായി ഉണ്ടാകുന്ന സമുദ്രാന്തര ചെളിത്തിട്ടകള്‍ (submerged mud banks) മത്സ്യബന്ധനത്തിനു‌ പ്രസിദ്ധമാണ്‌. കേരളത്തിലെ കടലാക്രമണത്തിന്റെ പ്രധാന കാരണങ്ങള്‍: (i) കാലവര്‍ഷക്കാലത്തെ പ്രകൃതിക്ഷോഭം; (ii) ഭൗമ ഘടകങ്ങളുടെ താഴ്‌ന്ന പ്രതിരോധശക്തി; (iii) നദികള്‍ ആദ്യം കായലില്‍ ചേരുകമൂലം കടല്‍ത്തീരത്തു പദാര്‍ഥലഭ്യത കുറയല്‍; (iv) നദീമുഖങ്ങളുടെ അസ്ഥിരതയും അവയ്‌ക്കു സ്ഥാനം മാറാനു‌ള്ള പ്രവണതയും എന്നിവയാണ്‌.
1,208,344
[[ചിത്രം:Vol6p17_Kadalakramanam (2).jpg|thumb|കടലാക്രമണത്തിന്‌ ഇരയായ ഒരു കരഭാഗം]]
1,208,345
ആകത്തുകയില്‍ കേരളത്തില്‍ കരനഷ്ടം ഉണ്ടാകുന്നുണ്ടെന്നാണു നിഗമനം. വര്‍ഷംതോറും കേരളത്തില്‍ പൂന്തുറ, ചവറ, തൃക്കുന്നപ്പുഴ, തുമ്പോളി, ചെല്ലാനം, പുതുവയ്‌പ്‌, മനക്കടവ്‌, ചാമക്കാല, ഏങ്ങണ്ടിയൂര്‍, ചേറ്റുവാ, താനൂര്‍, കൊയിലാണ്ടി, ചാലിയം, ബേപ്പൂര്‍, മടപ്പള്ളി, ഇരിങ്ങല്‍, കല്ലായി, മാടക്കര, കോഴിക്കോട്‌, കനൂകര, ചെമ്മീന്‍കുളം, ബേക്കല്‍, കൊടിക്കുളം തുടങ്ങി മിക്ക തീരപ്രദേശങ്ങളിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്‌.
1,208,346
2004 ഡി.ല്‍ ഉണ്ടായ സുനാമിദുരന്തം കേരളത്തിന്റെ തെക്കന്‍ ജില്ലകളെയാണ്‌ ഏറ്റവും കൂടുതല്‍ ബാധിച്ചത്‌. കൊല്ലം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. കേരളത്തില്‍ മൊത്തം 180 പേരുടെ ജീവനാണ്‌ അപഹരിക്കപ്പെട്ടത്‌. 5805 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു.
1,208,347
ജനസാന്ദ്രതയും ഫലഭൂയിഷ്‌ഠതയും കൂടുതല്‍ ഉള്ളതുകൊണ്ടാണ്‌ കേരളത്തില്‍ കടലാക്രമണത്തിന്റെ സാമ്പത്തികനഷ്ടം ഭാരിച്ചതാവുന്നത്‌. കടലാക്രമണം നിശ്ചിതകാലത്ത്‌ അറിയപ്പെടുന്ന ഖണ്ഡങ്ങളില്‍ ഉണ്ടാകുന്നതു കൊണ്ടു ജീവനാശം സാധാരണമല്ല.
1,208,348
1950നു‌ശേഷമാണു കടലാക്രമണത്തെ കേരളത്തിന്റെ ഒരു പ്രധാന പ്രശ്‌നമായി പരിഗണിക്കാനാരംഭിച്ചത്‌. ഈ രംഗത്ത്‌ 1964 വരെ നടന്ന പ്രവര്‍ത്തനങ്ങള്‍ പരീക്ഷണങ്ങളായേ പരിഗണിക്കേണ്ടതുള്ളു. പലതരം കടല്‍ഭിത്തികളും പുലിമുട്ടുകളും ആണ്‌ ആദ്യം നിര്‍മിച്ചത്‌. പുലിമുട്ടുകള്‍ കടലാക്രമണസ്ഥാനത്തെ നീക്കുന്നതിനേ ഉപകരിച്ചുള്ളു. 1964നു‌ ശേഷം കടല്‍ഭിത്തികളാണു പ്രധാനമായി നിര്‍മിച്ചുവരുന്നത്‌. അനു‌ഭവം കൊണ്ടും പരീക്ഷണഫലമായും അവയുടെ ഡിസൈന്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
1,208,349
(കെ.ആര്‍. വാരിയര്‍)= അഭാജ്യസംഖ്യ =
1,208,350
Prime Number
1,208,351
ഒന്നും അതേ സംഖ്യയും ഒഴികെ മറ്റൊരു പൂര്‍ണസംഖ്യയും ഘടകമായി ഇല്ലാത്ത പൂര്‍ണസംഖ്യ. ഉദാ. 2, 3, 5, 7, 11, 13, ..... ഈ അനുക്രമം അനന്തം ആണ്. അഭാജ്യസംഖ്യയല്ലാത്ത പൂര്‍ണസംഖ്യകളെ സംയുക്തസംഖ്യകള്‍ (composite numbers) എന്നു പറയുന്നു. ഏതു സംയുക്തസംഖ്യയും അതിന്റെ അഭാജ്യഘടകങ്ങളായി പിരിച്ചെഴുതാം; ഒരേ വിധത്തിലേ പിരിച്ചെഴുതാന്‍ കഴിയൂ. ഉദാ. 24 = 23 x 3. ഈ വസ്തുത അങ്കഗണിതത്തിലെ മൌലിക സിദ്ധാന്തം എന്നറിയപ്പെടുന്നു.
1,208,352
എറാട്ടോസ്‍ത്തനീസ് എന്ന ഗ്രീക് ഗണിതശാസ്ത്രജ്ഞന്‍ അഭാജ്യസംഖ്യകളെ മറ്റു പൂര്‍ണസംഖ്യകളില്‍നിന്ന് അരിച്ചെടുക്കുന്നതിനുള്ള ഒരു മാര്‍ഗം (ബി.സി. 240) കണ്ടെത്തിയിട്ടുണ്ട്. 'എറാട്ടോസ്‍ത്തനീസിന്റെ അരിപ്പ' (Sieve of Eratosthanes) എന്നാണ് അതിനു പേര്. 100 വരെയുള്ള എല്ലാ അഭാജ്യസംഖ്യകളും കണ്ടുപിടിക്കാന്‍, ഈ മാര്‍ഗംവഴി 2, 3, 5, 7 എന്നിവയുടെ 100-ല്‍ താഴെ വരുന്ന പെരുക്കങ്ങളെ മാറ്റിക്കളയുകയാണ്. 100-ന്റെ വര്‍ഗമൂലം വരെയുള്ള സംഖ്യകളുടെ പെരുക്കങ്ങള്‍ മാറ്റിയാല്‍ മതിയാകും. ശേഷിക്കുന്നത് അഭാജ്യസംഖ്യകള്‍ ആയിരിക്കും.
1,208,353
അഭാജ്യസംഖ്യയ്ക്ക് ഒരു ഗണിതസൂത്രം കണ്ടെത്താന്‍ പിത്തഗറസ് എന്ന ഗ്രീക് ഗണിതശാസ്ത്രജ്ഞന്‍ മുതല്‍ പലരും ശ്രമിച്ചിട്ടുണ്ട്; ഇന്നേവരെ പൂര്‍ണമായി വിജയിച്ചിട്ടില്ല. എറാട്ടോസ്‍ത്തനീസിന്റെ മാര്‍ഗം ശ്രമകരമാണ്. കേംബ്രിഡ്ജിലെ പ്രൊഫസര്‍ ആയിരുന്ന എഡ്വേര്‍ഡ് വെയറിങ് ഒരു മാര്‍ഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യനായ ജോണ്‍ വില്‍സണ്‍ (1741-93) ആണ് ഈ മാര്‍ഗം (വില്‍സണ്‍ തിയറം) കണ്ടുപിടിച്ചത്. ഇതനുസരിച്ച്, (n -1) ! + 1 എന്ന സംഖ്യയെ കൃത്യമായി n കൊണ്ട് ഹരിക്കാന്‍ കഴിയുമെങ്കില്‍ n ഒരു അഭാജ്യസംഖ്യ ആയിരിക്കും. ഉദാ.
1,208,354
n = 7, (n -1)! = 6! = 6 x 5 x 4 x 3 x 2 x 1 = 720.
1,208,355
(n - 1)! + 1 = 721, 721-നെ 7 കൊണ്ട് കൃത്യമായി ഹരിക്കാന്‍ കഴിയും. 7 ഒരു അഭാജ്യസംഖ്യ ആണ്. എന്നാല്‍ 6 x 5 x 4 x 3 x 2 x 1-നെ 1 മുതല്‍ 6 വരെയുള്ള എല്ലാ പൂര്‍ണസംഖ്യകള്‍കൊണ്ടും കൃത്യമായി ഹരിക്കാന്‍ കഴിയും. അതുകൊണ്ട് 6! + 2, 6! + 3, 6! + 4,6! + 5, 6! + 6 എന്നിവയൊന്നും അഭാജ്യമല്ല.
1,208,356
അറിയാവുന്നതില്‍വച്ച് ഏറ്റവും വലിയ അഭാജ്യസംഖ്യ 2127 -1 ആണ് എന്ന് വളരെക്കാലം വിശ്വസിച്ചിരുന്നു. ഈ സംഖ്യ: 170141183460469231731687303715884105727 ഇത് 1876-ല്‍ എഡ്വേര്‍ഡ് ല്യൂക്കസ് എന്ന ഗണിതശാസ്ത്രജ്ഞനാണ് അഭാജ്യസംഖ്യ ആണെന്നു തെളിയിച്ചത്. എന്നാല്‍ 1952-ല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് 22281-1 എന്ന സംഖ്യ അഭാജ്യമാണെന്ന് കണ്ടുപിടിച്ചു.
1,208,357
2 ഒഴികെ മറ്റെല്ലാ അഭാജ്യങ്ങളും ഒറ്റസംഖ്യകളാണ്. അനന്തം അഭാജ്യസംഖ്യകള്‍ ഉണ്ടെന്ന് പ്രാചീന ഗ്രീക് ഗണിതാചാര്യനായ യൂക്ളിഡ് തെളിയിച്ചു (ഏകദേശം ബി.സി. 280). ഏത് ഇരട്ടസംഖ്യയും രണ്ട് അഭാജ്യങ്ങളുടെ ആകെത്തുക ആയിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. ക്രിസ്ത്യന്‍ ഗോള്‍ഡ് ബാഷ് എന്ന ഗണിതശാസ്ത്രജ്ഞന്റെ പേരില്‍ അറിയപ്പെടുന്ന ഈ 'ഊഹം' 1742-ല്‍ ആണ് അവതരിപ്പിക്കപ്പെട്ടത്: ഗോള്‍ഡ് ബാഷ് ഗൃഹീതം. ഉദാ. 2 = 1 + 1, 100 = 11 + 89. ഓരോ ഇരട്ടസംഖ്യയും 3,00,000-ത്തില്‍ കവിയാത്ത അത്ര അഭാജ്യങ്ങളുടെ ആകെത്തുക ആണെന്ന 1931-ലും 1-ല്‍ കവിഞ്ഞ ഓരോ ഒറ്റസംഖ്യയും 3-ല്‍ കവിയാത്തത്രയുടേതെന്ന് പിന്നീടും തെളിയിക്കുകയുണ്ടായി. ഓരോ ഇരട്ടസംഖ്യയും 4-ല്‍ കവിയാത്തത്ര അഭാജ്യങ്ങളുടെ ആകെത്തുകയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഗോള്‍ഡ് ബാഷ് ഗൃഹീതം തെറ്റാണെന്നതിന് ഒറ്റ തെളിവുപോലും കിട്ടിയില്ലെങ്കിലും ശരിയാണെന്ന് ഇതേവരെ തെളിയിച്ചിട്ടില്ല. നോ: അങ്കഗണിതം, അങ്കഗണിതഫലനം, അനലിറ്റിക് നമ്പര്‍ തിയറി, ആള്‍ജിബ്ര, സംഖ്യാസിദ്ധാന്തം
1,208,358
[[Category:ഗണിതം]]==ഗോണ്ഡി==
1,208,359
ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു ദ്രാവിഡ ഭാഷ. ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഗോണ്ഡി സംസാരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരുന്നു. ഒരു വിഭാഗം ആദിവാസികളെ വിശേഷിപ്പിക്കുന്ന പദമായി 'ഗോണ്ഡ്' പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോണ്ഡ് എന്ന പദത്തിനു പകരം 'കുയി' എന്ന പദം ഉപയോഗിക്കുന്നു. തെലുഗുവിന്റെ ഒരു ഉപഭാഷയായും ഗോണ്ഡിയെ കണക്കാക്കുന്നു.
1,208,360
ഗോണ്ഡിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഹിന്ദിഭാഷ സംസാരിക്കുന്നിടത്തു ഗോണ്ഡി ഹിന്ദിയോടും മറാഠി സംസാരിക്കുന്നിടത്തു മറാഠിയോടും അടുപ്പം കാണിക്കുന്നു.
1,208,361
ഇത് ഒരു സാഹിത്യഭാഷയല്ല. എന്നാല്‍ ഈ ഭാഷയില്‍ പാടി വരുന്ന ചില ഗാനങ്ങള്‍ ഉണ്ട്. ചില വിവര്‍ത്തനങ്ങളും ഈ ഭാഷയില്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനുപയോഗിക്കുന്ന ലിപി 'ദേവനാഗിരി'യാണെന്നു മാത്രം.
1,208,362
ഗോണ്ഡിക്ക് വ്യക്തമായ വ്യാകരണനിയമങ്ങളൊന്നും ഇല്ല. 'എ'യും 'ഒ'യും എപ്പോഴാണ് ദീര്‍ഘമായി വരിക, ഹ്രസ്വമായി വരിക എന്നു പറയാന്‍ സാധ്യമല്ല. 'ല്‍' നു പകരം 'ര്‍', 'സ'യ്ക്കു പകരം 'ഹ്' ഇങ്ങനെയൊക്കെ ഉപയോഗിക്കാറുണ്ട്.
1,208,363
തമിഴും കര്‍ണാടകവും ഉണ്ടായ അതേ ദ്രാവിഡഭാഷയില്‍ നിന്നുമാണ് ഗോണ്ഡിയും ഉണ്ടായത്. തെക്കേ ഇന്ത്യയിലെ ഗോണ്ഡി തെലുഗുവിന്റെ സ്വാധീനത്തിലായി. പല ആര്യന്‍ ഭാഷകളുടെയും സ്വാധീനത്തില്‍പ്പെട്ടുപോയതുകൊണ്ട് ഗോണ്ഡിക്ക് വ്യക്തിത്വമുള്ള ഒരു ഭാഷയായിരിക്കാന്‍ ഒരിക്കലും സാധിച്ചിട്ടില്ല.== കല്‍ക്കുളം ==
1,208,364
തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍പ്പെടുന്ന നാലു താലൂക്കുകളില്‍ ഏറ്റവും വലുത്‌. വേണാടിന്റെ പില്‌ക്കാല തലസ്ഥാനവും തിരുവിതാംകൂറിന്റെ ആദ്യകാല തലസ്ഥാനവുമായിരുന്നു കല്‍ക്കുളം. ഈ ദേശത്തിന്റെ പേര്‌ 1744ല്‍ പദ്‌മനാഭപുരം എന്നാക്കി മാറ്റി; ഇന്നു കല്‍ക്കുളം എന്ന്‌ താലൂക്കിനു മാത്രമേ പേരുള്ളു.
1,208,365
17-ാം ശ.ത്തിന്റെ അന്ത്യപാദത്തില്‍ ഉമയമ്മറാണി ദത്തെടുത്തു വളര്‍ത്തിയ കോട്ടയം കേരളവര്‍മ, ദര്‍പ്പക്കുളങ്ങര കൊട്ടാരത്തിലെ ഊട്ടുപുരയില്‍ ഒരു കല്‍ത്തൊട്ടി നിര്‍മിച്ചു. ഇതില്‍ നിന്നാകാം സ്ഥലത്തിന്‌ കല്‍ക്കുളം എന്നു പേര്‍ സിദ്ധിച്ചത്‌. ദക്ഷിണ സഹ്യാദ്രിയിലെ പശ്ചിമ ബഹിര്‍നിരകള്‍ തൊട്ട്‌ അറബിക്കടലോളം നീണ്ടു കിടക്കുന്ന താലൂക്കിന്‌ 594.12 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. തിരുവിതാംകൂറിന്റെ തെക്കന്‍ ഡിവിഷനില്‍പ്പെട്ടിരുന്ന 8 താലൂക്കുകളില്‍ വിളവന്‍കോട്‌, കല്‍ക്കുളം, തോവാള, അഗസ്‌തീശ്വരം എന്നിവ 1956ല്‍, ഭാഷാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന്‌, മദ്രാസ്‌ (തമിഴ്‌നാട്‌) സംസ്ഥാനത്തോട്‌ ചേര്‍ക്കപ്പെട്ടു. ഇവ നാലും കൂട്ടിചേര്‍ത്താണ്‌ കന്യാകുമാരി ജില്ല രൂപീകൃതമായത്‌. (നോ: കന്യാകുമാരി) പടിഞ്ഞാറ്‌ വിളവന്‍കോട്‌ താലൂക്കും; കിഴക്ക്‌ തോവാള, അഗസ്‌തീശ്വരം എന്നീ താലൂക്കുകളും; വടക്ക്‌ തിരുനെല്‍വേലി ജില്ലയും; തെക്ക്‌ അറബിക്കടലുമാണ്‌ കല്‍ക്കുളം താലൂക്കിന്റെ അതിര്‍ത്തികള്‍. വേണാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രത്തില്‍ അതീവപ്രാധാന്യം വഹിച്ചിരുന്ന പ്രദേശമാണ്‌ കല്‍ക്കുളം. (നോ: പദ്‌മനാഭപുരം) കൊ.വ. 970 (എ.ഡി. 1795) അടുപ്പിച്ച്‌ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രാജധാനി തിരുവനന്തപുരത്തേക്കു മാറ്റിയതോടെ കല്‍ക്കുളത്തിന്റെ രാഷ്‌ട്രീയപ്രഭ അസ്‌തമിച്ചു. മുനിസിപ്പല്‍ പട്ടണമായ തക്കലയാണ്‌ താലൂക്കാസ്ഥാനം.
1,208,366
ഭൂമിശാസ്‌ത്രപരമായി മലനാട്‌, ഇടനാട്‌, തീരപ്രദേശം എന്നീ മൂന്നു മേഖലകളിലുമായി വ്യാപിച്ചിട്ടുള്ള കല്‍ക്കുളം താലൂക്ക്‌ കാര്‍ഷിക രംഗത്തു സമൃദ്ധമാണ്‌. താലൂക്കിന്റെ അധിക പങ്കും (310 ച.കി.മീ.) മലനാടാണ്‌. തീരദേശത്തെ മണവാളക്കുറിച്ചിയില്‍ മോണസൈറ്റ്‌ തുടങ്ങിയ തന്ത്രപ്രധാന ധാതുക്കള്‍ പലതും സഞ്ചിതമായിരിക്കുന്നു. കോതയാര്‍ തടാകത്തിന്റെ പൂര്‍വാര്‍ധം കല്‍ക്കുളം താലൂക്കതിര്‍ത്തിക്കുള്ളിലാണ്‌. ഈ താലൂക്കിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന വള്ളിയാര്‍ വിസ്‌തൃതമായ കാര്‍ഷികമേഖലയെ ജലസിക്തമാക്കുന്നു. 12-ാം ശ.ത്തില്‍ത്തന്നെ ഇവിടുത്തെ ക്ഷേത്രസങ്കേതങ്ങള്‍ രാഷ്‌ട്രീയ ശക്തിയാര്‍ജിച്ച സാംസ്‌കാരിക കേന്ദ്രങ്ങളായി വളര്‍ന്നിരുന്നു. വേണാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രത്തില്‍ രാഷ്‌ട്രീയമായും സാമൂഹികമായും നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ജനപദങ്ങളായിരുന്നു കുളച്ചല്‍, തൃപ്പരപ്പ്‌, തിരുവട്ടാര്‍, തിരുനന്തിക്കര, പദ്‌മനാഭപുരം, തിരുവിതാംകോട്‌, ഇരണിയല്‍, തലക്കുളം, നെയ്യൂര്‍ തുടങ്ങിയ പട്ടണങ്ങള്‍. എ.ഡി.
1,208,367
8-ാം ശ.ത്തില്‍ തന്നെ ആയന്മാരുടേതായി തിരുവട്ടാറുണ്ടായിരുന്ന അരുവിയൂര്‍ക്കോട്ട പാണ്ഡ്യരാജാവായ മാറന്‍ചടയന്‍ തകര്‍ക്കുകയുണ്ടായി. ആയ്‌ രാജവംശത്തിന്റെ ശിഥിലീകരണത്തോടെ രൂപം കൊണ്ട പടൈപ്പനാട്ടിലാണ്‌ ഇന്നത്തെ കല്‍ക്കുളം താലൂക്കിന്റെ ഏറിയ പങ്കും ഉള്‍പ്പെട്ടിരുന്നത്‌. നോ: ഇരണിയല്‍
1,208,368
കൊല്ലവര്‍ഷം 6-ാം ശ.ത്തിന്റെ മധ്യത്തോടെ വേണാട്‌ രാജകുടുംബത്തില്‍ നിന്നു പിരിഞ്ഞുണ്ടായ ശാഖയില്‍പ്പെട്ട തൃപ്പാപ്പൂര്‍ മൂപ്പന്‍ തിരുവിതാംകോട്‌ ആസ്ഥാനമാക്കി. സു. 200 കൊല്ലങ്ങള്‍ക്കു ശേഷമാണ്‌ കല്‍ക്കുളത്ത്‌ ദര്‍പ്പക്കുളങ്ങര കൊട്ടാരം നിര്‍മിക്കപ്പെട്ടത്‌. 18-ാം ശ.ത്തിന്റെ മൂന്നാം പാദത്തില്‍ ബ്രിട്ടീഷുകാര്‍ കുളച്ചല്‍ കോട്ട നിര്‍മിച്ചു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്ത്‌ ഉത്തരോത്തരം വികാസം പ്രാപിച്ച, തിരുവിതാംകൂര്‍ രാജ്യതലസ്ഥാനമായിരുന്നു കല്‍ക്കുളം. തിരുവിതാംകൂര്‍ രാജാവ്‌ ശ്രീപദ്‌മനാഭന്റെ ദാസനാകുകയും രാജ്യം പദ്‌മനാഭന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കുകയും ചെയ്‌തതിനോടൊപ്പം 1744ല്‍ കല്‍ക്കുളത്തെ പദ്‌മനാഭപുരം എന്ന്‌ പുനര്‍നാമകരണവും ചെയ്‌തു; ഈ കൊട്ടാരം പദ്‌മനാഭപുരം കൊട്ടാരം എന്നറിയപ്പെടാനും തുടങ്ങി.
1,208,369
താലൂക്കാസ്ഥാനമായ തക്കല തിരുവനന്തപുരംകന്യാകുമാരി നാഷണല്‍ ഹൈവേയിലെ ഒരു റോഡ്‌ ജങ്‌ഷനാണ്‌; ജില്ലയിലെ മറ്റൊരു ചരിത്രപ്രസിദ്ധ പട്ടണമായ ഇരണിയല്‍ തിരുവനന്തപുരം കന്യാകുമാരി റെയില്‍പ്പാതയിലെ ഒരു പ്രമുഖ സ്റ്റേഷനും. താലൂ
1,208,370
ക്കിലെ മറ്റൊരു മുനിസിപ്പല്‍ പട്ടണമാണ്‌ ചരിത്രപ്രസിദ്ധമായ കുളച്ചല്‍. കേരളത്തിലെ ആര്‍ക്കിയോളജി വകുപ്പിന്റെ കീഴിലുള്ള പദ്‌മനാഭപുരം കൊട്ടാരം താലൂക്കിലെ ഒരു പ്രമുഖ സന്ദര്‍ശകകേന്ദ്രമാണ്‌. തിരുവിതാംകൂറിലെ സ്വാതന്ത്യ്രപ്പോരാളിയായിരുന്ന വേലുത്തമ്പിദളവ കല്‍ക്കുളത്തിന്റെ (തലക്കുളം) സന്താനമാണ്‌.= അണുതൈലം =
1,208,371
നസ്യം ചെയ്യുവാന്‍ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള ഒരു തൈലം. അണുതൈലംകൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. രോഗം ഇല്ലാത്തവര്‍ക്കും ഈ തൈലനസ്യംകൊണ്ട് ഗുണങ്ങള്‍ ലഭിക്കുമെന്ന് ആചാര്യന്‍ വിധിച്ചിരിക്കുന്നു.
1,208,372
'''തയ്യാറാക്കുന്നവിധം.''' അടപൊതിയന്‍കിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, ഇലവര്‍ങം, രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, മരമഞ്ഞള്‍ത്തൊലി, അതിമധുരം, കുഴിമുത്തങ്ങ, അകില്‍, ശതാവരിക്കിഴങ്ങ്, കണ്ടകാരിച്ചുണ്ടവേര്, ചെറുവഴുതിനവേര്, ചിറ്റീന്തല്‍വേര്, ഓരിലവേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്, വെള്ളക്കൊട്ടം, ഏലത്തരി, അരേണുകം, താമരയല്ലി, കുറുന്തോട്ടിവേര് ഇവ ഓരോന്നും തുല്യ അളവില്‍ എടുത്ത് ഇവയുടെ നൂറിരട്ടി ദിവ്യജലത്തില്‍ (മഴ പെയ്യുമ്പോള്‍ തറയില്‍ വീഴാതെ എടുക്കുന്ന ജലം) കഷായമാക്കി വറ്റിച്ചു പത്തില്‍ ഒന്ന് ആകുമ്പോള്‍ അതില്‍നിന്നും പത്തില്‍ ഒരു ഭാഗം കഷായം എടുത്തു സമം എണ്ണയുംചേര്‍ത്തു കാച്ചി മന്ദപാകത്തില്‍ അരിക്കണം; ഇങ്ങനെ ബാക്കി ഭാഗവും ആവര്‍ത്തനക്രമത്തില്‍ തൈലം ചേര്‍ത്ത് അരിച്ചെടുക്കണം. ഒടുവിലത്തെ ഭാഗത്തില്‍ തൈലത്തിനു സമമായി ആട്ടിന്‍പാലുകൂടി ചേര്‍ത്തു കാച്ചി മന്ദപാകത്തില്‍തന്നെ അരിച്ചെടുക്കേണ്ടതാണ്.
1,208,373
(പ്രൊഫ. കെ. വിദ്യാധരന്‍)
1,208,374
[[Category:വൈദ്യശാസ്ത്രം]]=അംബാസഡര്‍=
1,208,375
Ambassodor
1,208,376
ഒരു രാജ്യത്തിന്റെ പ്രതിപുരുഷനായി മറ്റൊരു രാജ്യത്തു സേവനം അനുഷ്ഠിക്കുന്ന ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍. മധ്യകാലഘട്ടങ്ങളില്‍ ഇറ്റലിയിലെ നഗരരാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് വെനീസ് ആണ് സ്ഥിരം നയതന്ത്രാലയങ്ങള്‍ സ്ഥാപിക്കുന്ന പതിവ് ആരംഭിച്ചത്. 15-ാം ശ. മുതല്‍ യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും നയതന്ത്ര ഉദ്യോഗസ്ഥന്മാരെ കൈമാറ്റം ചെയ്യുന്ന രീതി സ്ഥിരമായി നടപ്പിലാക്കി. 1818-ലെ എയില ഷപ്പേല്‍ സന്ധിയനുസരിച്ച് (Treaty of Aix-La-Chapelle) നയതന്ത്ര ഉദ്യോഗസ്ഥന്മാരെ രാഷ്ട്രങ്ങളുടെ പ്രാധാന്യ ക്രമമനുസരിച്ചു നാലായി തരംതിരിച്ചു:
1,208,377
(1) അംബാസഡര്‍ (Ambassador); (2) അസാധാരണ ദൂതനും പൂര്‍ണാധികാരമുള്ള മന്ത്രിയും (Envoy Extra-ordinary and Minister Plenippotentiary); (3) നിവാസീമന്ത്രി (Minister Resident); (4) സ്ഥായികാര്യ ദൂതന്‍ (Charge D' Affaire). അംബാസഡര്‍ എന്ന സംജ്ഞയില്‍ പോപ്പിന്റെ താത്കാലികവും സ്ഥിരവുമായ പ്രതിപുരുഷന്‍മാരും (Legates and Nuncios) ഉള്‍പ്പെടും. അംബാസഡറുടെ അവകാശങ്ങള്‍, ചുമതലകള്‍, മുതലായവയെപ്പറ്റി പൊതുവേ അംഗീകരിക്കപ്പെട്ട ചില പ്രമാണങ്ങള്‍ ഉണ്ട്. താന്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ സല്‍പ്പേര്‍ നിലനിര്‍ത്തുക, രാജ്യതാത്പര്യങ്ങള്‍ക്കായി സദാ ജാഗരൂകനായിരിക്കുക എന്നിവ അംബാസഡറുടെ മുഖ്യ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു. വസ്തുതകള്‍ വേണ്ടപോലെ ഗ്രഹിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതാകയാല്‍ പക്വമതികളും അനുഭവസമ്പന്നരുമായ പ്രഗല്ഭവ്യക്തികളെ മാത്രമേ അംബാസഡറായി നിയമിക്കാറുള്ളു. താരതമ്യേന ഉയര്‍ന്ന ശമ്പളവും ജീവിതസൌകര്യങ്ങളും അംബാസഡര്‍ക്കു ലഭിക്കുന്നു. താന്‍ സ്ഥാനപതിയായി പ്രവര്‍ത്തിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അംബാസഡര്‍ക്കു ബാധകമല്ല. എന്നാല്‍ അംബാസഡര്‍ തന്റെ അവകാശങ്ങളും അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്യുന്നപക്ഷം 'അനഭിമതന്‍' (Persona non Grata) ആയി പ്രഖ്യാപിച്ചു തിരിച്ചുവിളിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ മാതൃരാജ്യത്തെ ഭരണാധികാരികളോട് ആവശ്യപ്പെടാവുന്നതാണ്.
1,208,378
രാഷ്ട്രത്തലവന്മാരാണ് അംബാസഡര്‍മാരെ നിയമിക്കുന്നത്. യു.എസ്സില്‍ സെനറ്റ് എന്ന ഉപരിമണ്ഡലത്തിന്റെ അനുമതി വാങ്ങിയശേഷമാണ് പ്രസിഡന്റ് അംബാസഡറെ നിയമിക്കുന്നത്. പുതുതായി നിയമിക്കപ്പെടുന്ന അംബാസഡര്‍, താന്‍ സ്ഥാനപതിയായിപോകുന്ന രാജ്യത്തെ രാഷ്ട്രത്തലവനെ സന്ദര്‍ശിച്ചു തന്റെ അധികാരപത്രം (Diplomatic Credentials) അദ്ദേഹത്തിനു സമര്‍പ്പിക്കേണ്ടതാണ്. അംബാസഡര്‍ക്ക് താന്‍ സ്ഥാനപതിയായിരിക്കുന്ന രാജ്യത്തിലെ ഭരണമേധാവിയെ നേരിട്ടു കാണുന്നതിനുള്ള അവകാശം ഉണ്ട്. വിദഗ്ധോപദേശത്തിനും കാര്യനിര്‍വഹണത്തിനും ആവശ്യമായ ഉദ്യോഗസ്ഥന്മാര്‍ അംബാസഡര്‍ക്ക് ഉണ്ടായിരിക്കും. രണ്ടു രാജ്യങ്ങളിലെയും വിദേശകാര്യാലയത്തോടാണ് അംബാസഡര്‍ കൂടുതലും ബന്ധപ്പെടുന്നത്.
1,208,379
നയതന്ത്രപരമായ കാര്യങ്ങള്‍ക്കായി വിദേശത്ത് അംബാസഡറെക്കൂടാതെ ചില പ്രത്യേക കാര്യങ്ങള്‍ക്കായി മാത്രം നിയമിതരാകുന്ന സ്ഥാനപതികളും ഉണ്ട്. യു.എന്‍. മുതലായ അന്താരാഷ്ട്രസംഘടനകളിലെ പ്രതിനിധികള്‍ക്കും അംബാസഡറുടെ പദവിയും അധികാരങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകുന്നപക്ഷം അംബാസഡര്‍മാരെയും സ്റ്റാഫിനെയും നിരപായം തിരിച്ചയയ്ക്കേണ്ടത് അനിവാര്യമായ കടമയായി എല്ലാരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നു.
1,208,380
ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍പ്പെട്ട രാജ്യങ്ങളില്‍ നിയമിതരാകുന്ന പ്രതിപുരുഷന്‍ ഹൈക്കമ്മിഷണര്‍ (High-Commissioner) എന്ന പേരിലാണ് അറിയപ്പെടുന്നത്. നോ: അധികാരപത്രം
1,208,381
(പ്രൊഫ. വി. ടൈറ്റസ് വറുഗീസ്)=ദ്രോണാചാര്യര്‍=
1,208,382
ഒരു പുരാണ കഥാപാത്രം. മഹാഭാരതത്തില്‍ പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥന്‍. ഭരദ്വാജ മഹര്‍ഷിയുടെ പുത്രനാണ് ഇദ്ദേഹം. ദ്രോണ(കുടം)ത്തില്‍നിന്ന് ജനിച്ചവനാകയാലാണ് ദ്രോണര്‍ എന്നു പേര് ലഭിച്ചത്. ഭരദ്വാജന്‍ ഒരിക്കല്‍ കുളിക്കുന്നതിനായി ഗംഗയിലിറങ്ങുമ്പോള്‍ ഘൃതാചി എന്ന അപ്സരസ്സിനെ കാണുന്നു. മുനിയെ കണ്ടമാത്രയില്‍ ഘൃതാചി ഓടിയകന്നെങ്കിലും അവളുടെ വസ്ത്രം ഒരു പുല്ലിലുടക്കി ഊര്‍ന്നുവീണുപോയി. പൂര്‍ണരൂപത്തില്‍ ആ കോമളരൂപം കണ്ട മഹര്‍ഷിക്ക് ഇന്ദ്രിയസ്ഖലനമുണ്ടായി. സ്ഖലിച്ച ദ്രവം ഒരു ദ്രോണത്തില്‍ സൂക്ഷിച്ചു. അതില്‍നിന്ന് ജനിച്ച ശിശുവാണ് ഇദ്ദേഹം.
1,208,383
അഗ്നിവേശമുനിയില്‍നിന്നാണ് ദ്രോണര്‍ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. തന്റെ പ്രിയ ശിഷ്യനായ അര്‍ജുനനെക്കാള്‍ കേമനായ ഒരു വില്ലാളി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച ദ്രോണര്‍ വേടകുമാരനായ ഏകലവ്യനോട് പെരുവിരല്‍ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്ത്വത്തിന് കളങ്കമായി നിലനില്ക്കുന്നു. ഭാരതയുദ്ധത്തിനു തൊട്ടുമുമ്പ് ആശീര്‍വാദം വാങ്ങാനെത്തിയ ധര്‍മപുത്രരെ ദ്രോണര്‍ അനുഗ്രഹിക്കുകയും തനിക്ക് കൗരവപക്ഷത്ത് നില്ക്കേണ്ടിവന്നതെന്തെന്നു വിശദീകരിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മപിതാമഹന്‍ നിലംപതിച്ചപ്പോള്‍ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അശ്വത്ഥാമാവ് മരിച്ചുവെന്ന ധര്‍മപുത്രരുടെ വാക്കുകള്‍ കേട്ടപാടെ ഇദ്ദേഹം ആയുധം താഴെവച്ച് മരണത്തിനു കീഴടങ്ങി.
1,208,384
ദ്രുപദരാജപുത്രനും ദ്രോണരും ഒരേ ഗുരുവിന്റെ സമീപത്തായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. അന്ന് ഉറ്റസുഹൃത്തുക്കളായിരുന്നു ഇവര്‍. രാജാവാകുമ്പോള്‍ തന്റെ പകുതിരാജ്യം ദ്രോണര്‍ക്കു നല്കുമെന്ന് ദ്രുപദരാജകുമാരന്‍ പറഞ്ഞിരുന്നു. കാലം കടന്നുപോയി. ദ്രോണാചാര്യര്‍ ദാരിദ്ര്യദുഃഖത്തിലായി. പഴയ സുഹൃത്തിനെക്കണ്ട് സഹായം അഭ്യര്‍ഥിക്കാമെന്നു കരുതി രാജധാനിയിലെത്തിയ ദ്രോണരെ ദ്രുപദരാജാവ് പരിഹസിച്ച് അയയ്ക്കുകയാണുണ്ടായത്. വ്രണിതഹൃദയനായി ദ്രോണര്‍ ദേശാടനം നടത്തവെ ഹസ്തിനപുരിയിലെത്തിയ സമയത്ത് പാണ്ഡവ-കൗരവ കുമാരന്മാരുടെ അസ്ത്രാഭ്യാസത്തിന് ഭീഷ്മര്‍ ദ്രോണരോട് അഭ്യര്‍ഥിച്ചു. അങ്ങനെയാണ് ദ്രോണാചാര്യര്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ എന്താണ് ഗുരുദക്ഷിണയായി വേണ്ടതെന്ന് ശിഷ്യന്മാര്‍ ആചാര്യനോടു ചോദിക്കുകയും ദ്രുപദരാജനെ പിടിച്ചുകെട്ടി തന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആചാര്യന്‍ മറുപടി പറയുകയും ചെയ്തു. ആദ്യം ദുര്യോധനന്‍ അനുയായികളോടൊപ്പം എത്തി ദ്രുപദനെ എതിരിട്ടെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. അര്‍ജുനന്‍ ദ്രുപദനോടെതിരിട്ട് അയാളെ ബന്ധനസ്ഥനാക്കി ആചാര്യന്റെ മുമ്പിലെത്തിച്ചു. ദ്രുപദനെ വധിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. പകരം പാഞ്ചാലരാജ്യം രണ്ടായി വിഭജിച്ച് ദക്ഷിണപാഞ്ചാലം ദ്രോണരെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദന് നല്കി തിരിച്ചയയ്ക്കുകയും ചെയ്തു. വ്രണിതഹൃദയനായ ദ്രുപദന്‍ ദ്രോണാചാര്യരെ വധിക്കുവാന്‍ പ്രാപ്തിയുള്ള സന്താനത്തിനുവേണ്ടി യജ്ഞം നടത്തുകയും യാഗാഗ്നിയില്‍നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രത്യക്ഷരാവുകയും ചെയ്തു. ഇവരാണ് ധൃഷ്ടദ്യുമ്നനും പാഞ്ചാലിയും. ഭാരതയുദ്ധത്തില്‍ പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നനാണ് യുദ്ധഭൂമിയില്‍വച്ച് ദ്രോണാചാര്യരെ വധിച്ചത്.=അര്‍ട്ടിക്കേസീ =
1,208,385
Urticaceae
1,208,386
[[Image:page279.png|300px|left]]
1,208,387
ഒരു സസ്യകുടുംബം. ചൈന, ജപ്പാന്‍, മലയ തുടങ്ങിയ രാജ്യങ്ങളിലെ മുഖ്യ നാരുവിളയായ ചൈനീസ് സില്‍ക്ക് ചെടിയും ''(Boehmeria nivea)'' അപൂര്‍വം ചില അലങ്കാരച്ചെടികളും ഇതില്‍ ഉള്‍പ്പെടുന്നു. 40-ല്‍പ്പരം ജീനസ്സുകളിലായി 500-ഓളം സ്പീഷീസ് ഉണ്ട്. ഓഷധികളും (herbs), കുറ്റിച്ചെടികളും (shurbs), വൃക്ഷങ്ങളും ഇതില്‍പ്പെടുന്നു; ചില വാര്‍ഷിക സസ്യങ്ങളും പടര്‍ന്നു വളരുന്ന ചെടികളും ഈ കുടുംബത്തിലുണ്ട്. ഇലകള്‍ ലഘുവും ഏകാന്തരമോ (alternate) സമ്മുഖമോ (opposite) ആയ രീതിയില്‍ വിന്യസിച്ചിട്ടുള്ളവയുമാണ്; പുഷ്പങ്ങള്‍ ചെറുതും ഏകലിംഗികളോ ദ്വിലിംഗികളോ ആയിട്ടുള്ളവയും. ഇവ ചെറുകൂട്ടങ്ങളോ (small clusters) സൈമുകളോ (cymes) ആയി കാണപ്പെടുന്നു. ആണ്‍പൂഷ്പങ്ങള്‍ക്ക് 4-5 ഇതളുകളുള്ള ബാഹ്യദളപുടവും (calyx) അതിനുള്ളില്‍ അത്രതന്നെ എണ്ണം കേസരങ്ങളും ഉണ്ടായിരിക്കും. പെണ്‍പുഷ്പങ്ങളില്‍ കുഴല്‍രൂപത്തിലുള്ളതോ 3-5 വരെ പുടങ്ങള്‍ ഉള്ളതോ ആയ ബാഹ്യദളപുടവും അതിനുള്ളില്‍ ഒറ്റ അറയുള്ള അണ്ഡാശയവും (ovary) ഉണ്ടായിരിക്കും.
1,208,388
(ആര്‍. ഗോപിമണി)== കരുവന്നൂര്‍പ്പുഴ ==
1,208,389
തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം, തൃശൂര്‍ താലൂക്കുകളില്‍ക്കൂടി ഒഴുകുന്ന നദി. 366 മീ. ഉയരമുള്ള വാണിയമ്പാറ മലകളില്‍ നിന്നുദ്‌ഭവിക്കുന്ന മണലിപ്പുഴയും 1,097 മീ. ഉയരമുള്ള പൂമലയില്‍ നിന്നുദ്‌ഭവിക്കുന്ന ചീമോനി, മുപ്ലി എന്നീ ആറുകള്‍ ചേര്‍ന്നുണ്ടാകുന്ന കുറുമാലിപ്പുഴയും മുകുന്ദപുരം താലൂക്കിലെ നെമ്മിണിക്കരയില്‍ വച്ചു സംഗമിച്ച്‌ കരുവന്നൂര്‍ പുഴയായി ഒഴുകുന്നു. നെമ്മിണിക്കരയില്‍ നിന്നും പനങ്കുളം എന്ന സ്ഥലത്തുകൂടി തെക്കുപടിഞ്ഞാറോട്ടാണ്‌ ഈ പുഴയുടെ ഗതി. പതനസ്ഥലത്തിനു‌ കുറേ മുകളില്‍ വച്ച്‌ കരുവന്നൂര്‍പ്പുഴ രണ്ടായി പിരിയുന്നു. ഇതില്‍ തെക്കോട്ടൊഴുകുന്ന ശാഖ കൊടുങ്ങല്ലൂരിനടുത്തുവച്ച്‌ പെരിയാറിലും വടക്കോട്ടൊഴുകുന്ന ശാഖ (ഇതിനു കനോലിപ്പുഴയെന്നും പേരുണ്ട്‌) ചേറ്റുവാ അഴിയിലൂടെ അറബിക്കടലിലും പതിക്കുന്നു. പുഴയുടെ ആകെ നീളം 64 കി.മീ. ആണ്‌.
1,208,390
ഇരിങ്ങാലക്കുടനിന്ന്‌ 8 കി.മീ. ദൂരെ മുകുന്ദപുരം താലൂക്കില്‍പ്പെട്ട പൊറത്തിശ്ശേരി വില്ലേജില്‍ കരുവന്നൂര്‍ എന്ന ഒരു ഗ്രാമവുമുണ്ട്‌. ഓട്‌ഇഷ്ടിക വ്യവസായങ്ങള്‍ക്ക്‌ പ്രസിദ്ധമായ ഈ സ്ഥലം "കരുവാന്റെ ഊര്‌' എന്നതിന്റെ ചുരുക്കരൂപമാവാം.
1,208,391
തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്‌, ആമ്പല്ലൂര്‍ (അളകപ്പനഗര്‍) എന്നീ വ്യവസായ പ്രദേശങ്ങള്‍ കരുവന്നൂര്‍പ്പുഴയുടെ തീരത്താണ്‌. തുണി, ഓട്‌ മില്ലുകളും തീപ്പെട്ടിക്കമ്പനികളും ഈ നദീതടങ്ങളെ സമ്പന്നമാക്കുന്നു. മണ്‍പാത്ര നിര്‍മാണം, കയറുപിരിക്കല്‍, എണ്ണയാട്ട്‌, നൂല്‍നൂല്‍പ്പ്‌, മത്സ്യവ്യവസായം തുടങ്ങിയവയും തീരപ്രദേശങ്ങളില്‍ നടക്കുന്നു. ഉയര്‍ന്ന പര്‍വതപ്രദേശങ്ങളൊഴിച്ചുള്ള നദീതടങ്ങള്‍ കൃഷിസമൃദ്ധമാണ്‌. നെല്ല്‌, ചോളം, തെങ്ങ്‌, കമുക്‌, വാഴ, മരച്ചീനി എന്നിവയും റബ്ബര്‍ത്തോട്ടങ്ങളും ഇവിടങ്ങളിലുണ്ട്‌. വേനല്‍ക്കാലത്ത്‌ നദിയിലെ വെള്ളം വറ്റിപ്പോകും. ആറുമാസക്കാലത്തോളം 24
1,208,392
കി.മീ. നദീമാര്‍ഗം ഗതാഗതയോഗ്യമാണ്‌. വര്‍ഷകാലങ്ങളില്‍ സഹ്യപര്‍വതനിരകളില്‍ നിന്നും ഈ നദിയിലൂടെ തടിവെട്ടി ഇറക്കിക്കൊണ്ടുവരാറുണ്ട്‌. മണലിപ്പുഴയിലാണ്‌ പീച്ചി അണക്കെട്ട്‌ നിര്‍മിച്ചിരിക്കുന്നത്‌. ഈ പദ്ധതിമൂലം 20,000 ഹെ. ഭൂമിക്ക്‌ ജലസേചനസൗകര്യം ലഭിക്കുന്നു. 1947ല്‍ ആരംഭിച്ച ഈ പദ്ധതി പിന്നീട്‌ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ നഗരത്തിനാവശ്യമായ വെള്ളം ഇവിടെ നിന്നാണ്‌ കൊണ്ടു പോകുന്നത്‌.
1,208,393
(വിളക്കുടി രാജേന്ദ്രന്‍)​
1,208,394
മഹാനായ ചക്രവർത്തി—അശോകൻ — പാടലിപുത്ര നഗരത്തിൽ മന്ത്രിമാരോടും സൈന്യത്തോടും കൂടിനില്ക്കുകയായിരുന്നു. മഹാനദിയായ ഗംഗ സമീപത്തായി ഒഴുകുകയാണു്. അതിനെ നോക്കിക്കൊണ്ടു് അശോകൻ മന്ത്രിമാരോടു ചോദിച്ചു: ശക്തിയാർജ്ജിച്ച ഈ ഗംഗയെ മേലോട്ടു ഒഴുക്കാൻ ആർക്കു സാധിക്കും? ‘പ്രഭോ, അതിനാർക്കും കഴിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ ഗംഗയുടെ തീരത്തു വേശ്യയായ ബിന്ദുമതി നില്ക്കുകയായിരുന്നു. അവൾ ചക്രവർത്തിയോടു പറഞ്ഞു: “രാജൻ, ഞാൻ ഈ നഗരത്തിലെ വേശ്യയാണു്. സൗന്ദര്യം വിറ്റാണു ഞാൻ ജീവിക്കുന്നതു്. സത്യപ്രവർത്തനംകൊണ്ടു് എനിക്കു് ഗംഗയെ മേലോട്ടു് ഒഴുക്കാനാവും.” അവൾ അതു പറഞ്ഞുതീരാത്ത താമസം ഗംഗ ഗർജ്ജിച്ചുകൊണ്ടു് മേലോട്ടു് ഒഴുകി. ചക്രവർത്തി അത്ഭുതപരവശനായി ബിന്ദുമതിയോടു ചോദിച്ചു ഗംഗയെ മേലോട്ടു് ഒഴുക്കിയതിന്റെ പിന്നിലുള്ള ശക്തിയേതെന്നു്, “സത്യത്തിന്റെ ശക്തി” എന്നായിരുന്നു അവളുടെ മറുപടി. സത്യത്തിന്റെ ശക്തി, സത്യപ്രവർത്തനം ഇതിനെ വിശദീകരിക്കാൻ അശോകൻ അവളോടു് ആവശ്യപ്പെട്ടു. അവൾ പറഞ്ഞു: “രാജൻ എനിക്കു പണം തരുന്നവൻ ആരുമാകട്ടെ. ക്ഷത്രിയനോ ബ്രാഹ്മണനോ വൈശ്യനോ ആകട്ടെ. ഞാൻ അവർക്കു തമ്മിൽ ഒരു വ്യത്യാസവും കല്പിക്കില്ല. ശൂദ്രനെ ഞാൻ പുച്ഛിക്കുകയേയില്ല. പണം തരുന്നവനു ഞാൻ സേവനമനുഷ്ഠിക്കും. ഇതാണു് എന്റെ സത്യപ്രവർത്തനം. ഇതുകൊണ്ടാണു് ഞാൻ ഗംഗയെ മേലോട്ടു് ഒഴുക്കിയതു്.”
1,208,395
ഓരോരുത്തരും സ്വന്തം ധർമ്മത്തിൽനിന്നു് വ്യതിചലിക്കാതെ പ്രവർത്തിക്കുന്നതാണു് സത്യപ്രവർത്തനം എന്നത്രേ ഇതിന്റെ അർത്ഥം. ഇതു ഭാരതത്തിന്റെ സവിശേഷതയാണെന്നു് “Philosophies of India” എന്ന വിശിഷ്ടമായ പുസ്തകത്തിന്റെ കർത്താവായ ഹൈൻറിഹ് റ്റ്സിമെർ (Heinrich Zimmer) പറയുന്നു. ഈ സത്യശക്തിയാണു് ഗാന്ധിജി ക്കു് അവലംബമരുളിയതെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടു്. യന്ത്രവത്കൃതവും വ്യവസായശക്തവും ആയ ബ്രിട്ടീഷ് ഗവൺമെന്റിനെ ഇന്ത്യയിൽനിന്നു് ഗാന്ധിജി ബഹിഷ്കരിച്ചു. സൈനികശക്തിയിൽ അദ്വിതീയം; രാഷ്ട്രവ്യവഹാരശക്തിയിൽ നിസ്തുലം. ഇങ്ങനെയുള്ള ബ്രിട്ടീഷ് സർക്കാരിനെ സത്യാഗ്രഹത്താൽ (സത്യത്തോടുള്ള സുശക്തമായ ആസക്തിയാൽ) അദ്ദേഹം പരാജയപ്പെടുത്തി. സത്യം കൈവെടിഞ്ഞ ബ്രിട്ടീഷ് സർക്കാർ ‘അസത്’ ആയിത്തീർന്നു. മരിച്ച അതിനെ ഒരു സമുന്നത സത്യംകൊണ്ടു് ഛേദിച്ചെറിയുകയാണു് ഗാന്ധിജി ചെയ്തതു്. ഈ പ്രൗഢമായ ആശയപ്രദർശനം റ്റ്സിമെറിന്റേതാണു്. ഇമ്മട്ടിൽ ഗഹനവും ഉജ്ജ്വലവുമാണു് അദ്ദേഹത്തിന്റെ ഗ്രന്ഥം. അതു പൂർണ്ണമാക്കുന്നതിനുമുൻപു് അദ്ദേഹം ഈ ലോകം വിട്ടുപോയി. ആ കുറിപ്പുകളെ വേണ്ടവിധത്തിൽ എഡിറ്റ് ചെയ്തു് ജോസഫ് കംബെൽ മുൻപു പ്രസാധനം ചെയ്തു. അതിപ്പോൾ ഇന്ത്യയിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഭാരതീയദർശനങ്ങളെക്കുറിച്ചു് മഹാന്മാർ എഴുതിയ പല ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. എന്നാൽ അവയിലൊന്നിനും റ്റ്സിമെറിന്റെ ഗ്രന്ഥത്തിനുള്ള ഔജ്ജ്വല്യമില്ല. ദുർഗ്രഹങ്ങളായ ദാർശനിക തത്ത്വങ്ങളെ അനതിവിസ്തരമായി, സ്പഷ്ടമായി ആവിഷ്കരിക്കുന്നതിന്റെ വൈദഗ്ദ്ധ്യമറിയണമെങ്കിൽ ഇപ്പുസ്തകം വായിക്കണം. ചുരുക്കി എന്തെങ്കിലുമെഴുതുന്നതിനെക്കാൾ ഗ്രന്ഥം മുഴുവൻ ഇവിടെ പകർത്താനാണു് എനിക്കു താല്പര്യം. ദൗർഭാഗ്യത്താൽ അതിനു സ്ഥലമില്ലല്ലോ.
1,208,396
(Philosophies of India—By Heinrich Zimmer—Edited by Joseph Campbell—Motilal Banarsidass, Delhi— Rs 175).
1,208,397
“നിങ്ങളുടെ മലയാള സാഹിത്യത്തെ വിശ്വസാഹിത്യമെന്നു വിളിക്കാമോ?” “വിളിക്കാമല്ലോ. പുസ്തകങ്ങളുടെ പുറംചട്ടയിലും ‘ആനാലും എൻപിള്ളയല്ല വാ’ എന്ന മാനസിക നിലയോടുകൂടി പുസ്തകനിരൂപണം നിർവഹിക്കുന്നവരുടെ വാക്യങ്ങളിലും വിശ്വസാഹിത്യമായി മലയാളസാഹിത്യം ചെന്നു നില്ക്കുന്നുണ്ടല്ലോ.”
1,208,398
ഒരു സത്യപ്രവൃത്തികൂടിയാകട്ടെ. യജ്ഞദത്തനെ സർപ്പം ദംശിച്ചു. അവന്റെ അച്ഛനമ്മമാർ അവനെ ഒരു സന്ന്യാസിയുടെ കാല്ക്കൽകൊണ്ടു കിടത്തിയിട്ടു രക്ഷിക്കാൻ അപേക്ഷിച്ചു. താൻ വൈദ്യനല്ലെന്നു പറഞ്ഞു് അദ്ദേഹം ഒഴിഞ്ഞു. അപ്പോൾ സത്യപ്രവർത്തനം നടത്തൂ എന്നായി മാതാപിതാക്കന്മാർ. ‘ശരി, അതാകാം’ എന്നു പറഞ്ഞു സന്ന്യാസി യജ്ഞദത്തന്റെ തലയിൽ കൈവച്ചു പറഞ്ഞു: “ഞാൻ ഒരാഴ്ച മാത്രമേ പാവനമായ ജീവിതം നയിച്ചുള്ളൂ. അതിനുശേഷമുള്ള അമ്പതുകൊല്ലവും ഞാൻ മനഃസാക്ഷിക്കെതിരായിട്ടാണു് ജീവിച്ചതു്. ഈ സത്യത്താൽ വിഷം താഴട്ടെ. യജ്ഞദത്തൻ ജീവിക്കട്ടെ.” ഉടനെ വിഷം നെഞ്ചിൽനിന്നു ഭൂമിയിലേക്കു പോന്നു. കടിയേറ്റവന്റെ അച്ഛൻ മകന്റെ തലയിൽ കൈവച്ചു പറഞ്ഞു: “ഒരിക്കലും അന്യൻ വീട്ടിൽ വരുന്നതു് എനിക്കിഷ്ടമായിരുന്നില്ല. പക്ഷേ, എന്റെ ഇഷ്ടക്കേടു് സന്ന്യാസിമാരും ബ്രാഹ്മണരും അറിഞ്ഞതേയില്ല. ഈ സത്യത്താൽ വിഷം താഴട്ടെ. യജ്ഞദത്തൻ ജീവിക്കട്ടെ.” വിഷം ഉടനെ ഭൂമിയിലേക്കു താഴ്‌ന്നുചെന്നു. കടിയേറ്റവന്റെ അമ്മയോടു സത്യപ്രവൃത്തി ചെയ്യാൻ അവളുടെ ഭർത്താവു് ആവശ്യപ്പെട്ടു. “എനിക്കു് ഒരു സത്യം പറയേണ്ടതുണ്ടെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യത്തിൽ അതു വയ്യ” എന്നായി ആ സ്ത്രീ. “മകനെ ജീവിപ്പിക്കൂ” എന്നു ഭർത്താവു പറഞ്ഞപ്പോൾ അവൾ സത്യപ്രവർത്തനം നടത്തി: “മാളത്തിൽനിന്നു പുറത്തുവന്നു്, മകനേ, നിന്നെക്കടിച്ച ഈ പാമ്പിനെക്കാൾ ഞാൻ നിന്റെ അച്ഛനെ വെറുക്കുന്നു. ഈ സത്യത്താൽ വിഷം താഴട്ടെ. യജ്ഞദത്തൻ ജീവിക്കട്ടെ” ശേഷിച്ച വിഷം ഭൂമിയിലേക്കു താഴ്‌ന്നുപോയി. യജ്ഞദത്തൻ എഴുന്നേറ്റു് നടക്കാൻ തുടങ്ങി. ഈ ഉജ്ജ്വലമായ കഥ റ്റ്സിമെറിന്റെ ഗ്രന്ഥത്തിലുള്ളതാണു്. ഇതൊക്കെ വായിക്കുമ്പോൾ എനിക്കു എന്തൊരു മാനസികോന്നമനമാണു്!
1,208,399
ഞാനിന്നു താമസിക്കുന്നതു് ചെറിയ വീട്ടിലാണു്. ഇതിനെക്കാൾ ചെറിയ വീടുകളിലേ പണ്ടും താമസിച്ചിട്ടുള്ളൂ. കിട്ടുന്ന പണമെല്ലാം വേണ്ടാത്ത പുസ്തകങ്ങൾ വാങ്ങിച്ചുകൂട്ടി ദീവാളി കുളിച്ചവനാണു ഞാൻ. തീരെക്കൊച്ചു വീട്ടിൽ പാർക്കുന്ന കാലത്തു് പണ്ടു സംസ്കൃതകോളേജിൽ പഠിച്ചിരുന്ന ഒരു യുവാവു് വൈകുന്നേരം നാലുമണിക്കു വീട്ടിൽ വന്നുകയറി. ഒരു മീറ്റിങ്ങിനു ക്ഷണിക്കാൻ വന്നയാളാണു് അദ്ദേഹം. മലയാളനാടു വാരികയ്ക്കു സാഹിത്യവാരഫലത്തിന്റെ കൈയെഴുത്തുപ്രതി കൊടുക്കേണ്ട ദിവസം. കൊല്ലത്തുനിന്നു് അഞ്ചുമണിക്കു് ആൾ എത്തുമെന്നു പത്രാധിപർ എസ്. കെ. നായർ റ്റെലിഫോണിലൂടെ അറിയിച്ചിരുന്നു. ആഗതൻ വേഗം പോകട്ടെയെന്നു കരുതി സമ്മേളനത്തിനു ചെന്നുകൊള്ളാമെന്നു ഞാൻ സമ്മതിച്ചു. എന്നിട്ടും അയാൾ പോകുന്നില്ല. ഇരുന്നു് അലവലാതി വർത്തമാനം നടത്തുകയാണു്. അഞ്ചുമണിയായി. കൊല്ലത്തുനിന്നു വന്ന ആളിനെ കാലത്തു വരാൻ പറഞ്ഞിട്ടു് അതിഥിമര്യാദ ലംഘിക്കാതെ വന്നവനോടു സംസാരം തുടർന്നു. ചായകൊടുത്തു. (അല്പത്വം ക്ഷമിക്കണം വായനക്കാർ.) ആറു മണിയായി, ഏഴായി, എട്ടായി, ഒൻപതായി. ചോറുകൊടുത്തു (വീണ്ടും അല്പത്വത്തിനു മാപ്പു്.) പത്തായിട്ടും ആൾ പോകുന്നില്ലെന്നു കണ്ടപ്പോൾ ‘ഇനി ഞാനൊന്നു ഉറങ്ങട്ടെ’ എന്നു പറയേണ്ടതായി വന്നു. ഉടനെ അയാൾ മന്ദസ്മിതം ചൊരിഞ്ഞു് കൈ ഒന്നുയർത്തി, താഴോട്ടാക്കിയിട്ടു് ‘ഇവിടെത്തന്നെ ഞാനിന്നു കിടക്കുകയാണു്’ എന്നു പറഞ്ഞു. ‘അയ്യോ ഇവിടെ സ്ഥലമില്ല. ആകെ രണ്ടുമുറിയേയുള്ളൂ. നിങ്ങളെ ഇവിടെ കിടത്താനേ ഒക്കുകില്ല’ എന്നു സംഭ്രമത്തോടെ ഞാൻ അറിയിച്ചു. അയാൾ കോപകലുഷിതനായി യാത്രപോലും പറയാതെ ഇറങ്ങിപ്പോയി.
1,208,400
ഇതുപോലെ കഥാഭവനത്തിൽ വലിഞ്ഞുകയറി പാർപ്പു് ഉറപ്പിക്കാൻ ശ്രമിക്കുന്ന ആളാണു് ശ്രീ. വി. വി. ദാമോദരൻ എന്നു ഞാൻ പറഞ്ഞാൽ അദ്ദേഹം ദേഷ്യപ്പെടുമോ എന്തോ? കുങ്കുമം വാരികയിൽ ദാമോദരൻ എഴുതിയ “ഗാന്ധർവം” എന്ന ചെറുകഥയെ ലക്ഷ്യമാക്കിയാണു് ഞാനിതു് എഴുതുന്നതു്. ഒരു മുതലാളിയുടെ കീഴ്ജീവനക്കാരൻ അയാളുടെ മകളുടെ സമാക്രമണത്തിനു വിധേയനാകുന്നതാണു് ഗാന്ധർവ്വത്തിലെ കഥ. സുന്ദരികളായ ചെറുപ്പക്കാരികൾക്കു ശരീരം മോടിപിടിപ്പിക്കൻ ഒന്നും വേണ്ട. ലിപ്സ്റ്റിക്, റൂഷ്, പൗഡർ, സ്വർണ്ണാഭരണം ഇവയൊന്നും വേണ്ട. എന്നാൽ പ്രായമാകുമ്പോൾ അവയെല്ലാം വേണം. സ്വാഭാവികസൗന്ദര്യത്തിനു മങ്ങലേല്ക്കുമ്പോൾ കൃത്രിമവസ്തുക്കൾ കൂടിയേ തീരൂ. ദാമോദരന്റെ കഥയ്ക്കു സ്വാഭാവിക രാമണീയകമില്ല. അതുകൊണ്ടു കാവ്യാത്മകപദങ്ങൾ, ലൈംഗികവർണ്ണനകൾ ഇവയെല്ലാം കയറിവരുന്നു. ഫലമോ? നരച്ച തലമുടിയിൽ സ്ത്രീ റോസാപ്പൂവച്ചതുപോലെ. ക്ഷണിക്കാതെ വന്നുകയറി ഉപദ്രവിക്കാൻ തുടങ്ങിയ ആളിനെ എനിക്കു പറഞ്ഞയയ്ക്കാം. കഥാഭവനത്തിൽ ആർക്കും വരാമല്ലോ. ആ അതിഥിയോടു് ‘ഇവിടെനിന്നു പോകൂ’ എന്നു് ആജ്ഞാപിക്കാൻ എനിക്കു അധികാരമില്ലാത്തതുകൊണ്ടു മൗനം അവലംബിക്കുന്നു.